സ്‌കൂള്‍ തുറന്നതോടെ തിരക്കുവര്‍ധിച്ചിട്ടും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാതെ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ ഉടനെ ഓടിക്കില്ലെന്നും യാത്രാക്ലേശമുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് ബോണ്ട് സര്‍വീസിനെ ആശ്രയിക്കാമെന്നുമാണ് അധികൃതരുടെ നിര്‍ദേശം. തിങ്കളാഴ്ച 3420 ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിച്ചത്. ഞായറാഴ്ച 2335 ബസുകള്‍ സര്‍വീസ് നടത്തി. 

മറ്റു ദിവസങ്ങളില്‍ 2700 മുതല്‍ 3000 ബസുകള്‍വരെ ഓടിക്കാറുണ്ട്. അധികം ബസുകള്‍ സര്‍വീസ് നടത്തിയിട്ടും പ്രധാന നഗരങ്ങളിലടക്കം യാത്രാക്ലേശം രൂക്ഷമായിരുന്നു. സ്‌കൂള്‍ ബസ് സൗകര്യം കുറവായിരുന്നതിനാല്‍ സാധാരണക്കാര്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പൊതുഗതാഗതത്തെയാണ് ആശ്രയിച്ചത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി.സര്‍വീസുകള്‍ കുറവായത് യാത്രക്കാരെ വലച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്നതിനാല്‍ തകരാറിലായ ബസുകള്‍ നന്നാക്കി ഓടിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബോണ്ട് സര്‍വീസുകള്‍കൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്നും അവര്‍ വാദിക്കുന്നു. സ്‌കൂള്‍ തുറക്കുന്നദിവസം കൂടുതല്‍ ബസുകള്‍ ഓടിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ വിശദീകരണം. 

യാത്രാസൗകര്യം കുറവായതും സ്‌കൂള്‍ ബസ് ഓടാത്തതുമായ സ്ഥലങ്ങളില്‍ ബോണ്ട് സര്‍വീസ് നടത്തുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു. യാത്രാനിരക്ക് 7,500 രൂപയില്‍നിന്ന് 5,500 രൂപയായി കുറയ്ക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മിക്ക സ്‌കൂളുകളും ഇതിനു തയ്യാറായിട്ടില്ല. പ്രത്യേക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് സര്‍വീസ് നടത്താനുള്ള സാഹചര്യം കോര്‍പ്പറേഷനില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുകൂല്യം നല്‍കുന്ന റൂട്ടുകളിലെല്ലാം ബസുകള്‍ ഓടിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലേക്കടക്കം കൂടുതല്‍ ബസുകള്‍ ഉടന്‍ ഓടിക്കില്ല. തിങ്കളാഴ്ചത്തെ കളക്ഷന്‍ പരിശോധിച്ചശേഷം കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. കോവിഡിനെത്തുടര്‍ന്ന് ഓടിക്കാതിരുന്നതും അറ്റകുറ്റപ്പണിക്കായി കയറ്റിയതുമടക്കം 850 ബസുകള്‍ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. എന്നാല്‍ ബസുകള്‍ ശുചീകരിക്കാനും തകരാറുകള്‍ പരിഹരിക്കാനും സമയമെടുക്കും. ലക്ഷങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടിവരും.

Content Highlights: KSRTC Ready To Start Bond Service For Schools, KSRTC Bus, KSRTC Bond Service, School Bus, KSRTC School Bus,