സ്‌കാനിയ അടക്കമുള്ള സ്വന്തം ബസുകള്‍ പാര്‍ക്കിങ് സ്റ്റേഷനുകളില്‍ കിടന്ന് നശിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. വാടകവണ്ടികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. സൂപ്പര്‍ ക്ലാസ് ബസുകള്‍ മാറ്റുന്നതിനും പുതുതായി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്കുമായി ഡ്രൈ ലീസ് (ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ) വ്യവസ്ഥയിലാണ് 250 ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്.

സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സ്, എക്‌സ്പ്രസ്, വോള്‍വോ വിഭാഗങ്ങളിലുള്ള 140-ഓളം ബസുകള്‍ കെ.എസ്.ആര്‍.ടി.സി. വിവിധയിടങ്ങളിലായി കയറ്റിയിട്ടിരിക്കുകയാണിപ്പോള്‍. ഇരുനൂറോളം എ.സി. ലോഫ്‌ലോര്‍ ബസുകളും സ്ഥിരമായി ഓടിക്കുന്നില്ല. ബസുകള്‍ ഓടിക്കാതെ ആക്രിയാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് ഉപയോഗിച്ചിരുന്ന സൂപ്പര്‍ക്ലാസ്സ് ബസുകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ സംസ്ഥാനത്തിനകത്ത് ഓടിക്കുന്നുണ്ട്.

പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി. ബസുകള്‍ (10 എണ്ണം), എ.സി. സെമി സ്ലീപ്പര്‍ ബസ് (20), നോണ്‍ എ.സി. എയര്‍ സസ്‌പെന്‍ഷന്‍ ബസ് (20), നോണ്‍ എ.സി. മിഡി ബസ് (ഫ്രണ്ട് എന്‍ജിന്‍-100), നോണ്‍ എ.സി. മിഡി ബസ് (100) എന്നിങ്ങനെയാണ് ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നത്. ദര്‍ഘാസില്‍ പങ്കെടുക്കുന്ന ഒരാള്‍ കുറഞ്ഞത് 10 ബസുകളെങ്കിലും നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. അന്തസ്സംസ്ഥാന സര്‍വീസുകള്‍ നടത്തിയിരുന്ന ചില വന്‍കിട ബസുടമകളെ സഹായിക്കാനാണ് ഈ നീക്കമെന്ന് ആരോപണമുയര്‍ന്നു.

ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് മുന്‍ഗണന. സിറ്റിയില്‍ ഫീഡര്‍ സര്‍വീസായും ഇത്തരത്തില്‍ ബസുകള്‍ ഉപയോഗിക്കും. ബസിന്റെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് എന്നിവ വഹിക്കേണ്ടതും ടയര്‍ മാറ്റേണ്ടതും ഉടമകളാണ്. കെ.എസ്.ആര്‍.ടി.സി. നിര്‍ദേശിക്കുന്ന നിറവും ഡിസൈനുമുള്ള പെയിന്റടിച്ച് നല്‍കണം. കുറഞ്ഞത് മൂന്നുവര്‍ഷത്തേക്കാണ് കരാര്‍.

ബസും ഡ്രൈവറുമടക്കം നേരത്തേതന്നെ കെ.എസ്.ആര്‍.ടി.സി. വാടകയ്‌ക്കെടുത്ത് ഓടിക്കുന്നുണ്ട്. കിലോമീറ്ററിന് 23.60 രൂപയാണ് വാടക. കണ്ടക്ടറെയും ഇന്ധനച്ചെലവും കെ.എസ്.ആര്‍.ടി.സി.യാണ് വഹിക്കുന്നത്. നഷ്ടമായിട്ടും കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ സര്‍വീസ് നിര്‍ത്താന്‍ കഴിയില്ല. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് നടത്തുന്ന സര്‍വീസിന് ഡീസല്‍ ചെലവുപോലും കളക്ഷന്‍ ഇനത്തില്‍ കിട്ടാത്ത സ്ഥിതിയുണ്ട്. വാടകകൂടി നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വാടക സര്‍വീസ് വലിയ ബാധ്യതയാണിപ്പോള്‍.

Content Highlights: KSRTC plans to lease private buses  local services, private buses, ksrtc local buses