വംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് 650 കെ.എസ്.ആര്‍.ടി.സി. ബസുകള്‍കൂടി സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍. നിലവില്‍ 3300 ബസാണ് സര്‍വീസ് നടത്തുന്നത്. ബസുകളുടെ എണ്ണം 4000 ആകുന്നതോടെ കുട്ടികളുടെ ഗതാഗതപ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 22,718 സ്‌കൂള്‍ ബസാണുള്ളത്. 2800-നടുത്ത് ബസുകള്‍ മാത്രമാണ് ക്ഷമതാപരിശോധനയ്ക്ക് തയ്യാറായിട്ടുള്ളത്. 1022 ബസുകള്‍ക്ക് ക്ഷമതാ സര്‍ട്ടിഫിക്കറ്റ് നല്‍കി. എട്ട്, ഒന്‍പത്, 11 ക്ലാസുകളില്‍ അധ്യയനം ആരംഭിക്കാത്തതിനാല്‍ മൂന്നില്‍രണ്ട് കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തുക. അതിനാല്‍ പല സ്‌കൂളുകളും ബസ് നന്നാക്കാന്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ ബസുകള്‍ക്ക് രണ്ടുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കി. അറ്റകുറ്റപ്പണിക്കായി കെ.എസ്.ആര്‍.ടി.സി.യുടെ വര്‍ക്ഷോപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ബസ് ഓണ്‍ ഡിമാന്‍ഡ് പ്രകാരം ആയിരത്തിലേറെ സ്‌കൂളുകളില്‍നിന്നുള്ള അഭ്യര്‍ഥന കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ മാനേജ്മെന്റുകള്‍ കുട്ടികളില്‍നിന്ന് ഈടാക്കുന്ന തുകയെക്കാള്‍ കുറഞ്ഞചെലവില്‍ ബസ് നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കുട്ടനാട് മേഖലയില്‍ സ്‌കൂള്‍ സമയം ക്രമീകരിച്ച് ബോട്ടുകള്‍ ഓടിക്കാന്‍ ജലഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കും. ഗ്രാമവണ്ടികള്‍ അടുത്തവര്‍ഷം ഏപ്രിലോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: KSRTC Planning To Run 650 Extra Buses For School Students