ജി.പി.എസ്. അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലേക്ക് മാറാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍. അഞ്ചു മാസത്തിനകം 5500-ഓളം വരുന്ന ബസുകളിലാണ് ജി.പി.എസ്. സംവിധാനം സ്ഥാപിക്കുന്നത്. ജി.പി.എസും ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ തുടങ്ങിയ സംവിധാനത്തിലേക്കും മാറാനായി 16.98 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ബസ് സ്റ്റോപ്പ് സര്‍വേ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും അന്തഃസംസ്ഥാന റൂട്ടുകളും ഉള്‍പ്പെടുത്തി 94 യൂണിറ്റുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. ഇതിനായി യൂണിറ്റ് തലത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ നിയമിച്ചു. ഇവരാണ് ബസ് സ്റ്റോപ്പ് സര്‍വേ നടത്തുന്നത്. 

അതിനാല്‍ത്തന്നെ യൂണിറ്റിനു കീഴിലുള്ള സ്ഥലങ്ങളെയും റൂട്ടുകളെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരെയാണ് ഇതിനായി നിയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡ് 8.0-നു മുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരെയാണ് സര്‍വേ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരെയാണ് ടീമിലേക്ക് നിര്‍ദേശിക്കുന്നത്. 

ഡിസംബറോടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്. രണ്ട് - മൂന്ന് സ്റ്റോപ്പുകള്‍ ഉള്ള ചില സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളുടെ പേരുകളും മറ്റും ജി.പി.എസിലേക്ക് മാറ്റുന്നതിനും മറ്റും സമയമെടുക്കും. ജി.പി.എസിലേക്ക് മാറുന്നതോടെ ബസിന്റെ ഷെഡ്യൂള്‍, ബസ് സ്റ്റോപ്പില്‍ എത്തുന്ന സമയം തുടങ്ങിയവ യാത്രക്കാര്‍ക്കും ഡിപ്പോ അധികൃതര്‍ക്കും അറിയാന്‍ കഴിയും. 

ബസിന്റെ എല്ലാ ചലനങ്ങളും ജി.പി.എസിലൂടെ അറിയാം, ബസ് ഓടുന്ന മണിക്കൂറും കിലോമീറ്ററും മറ്റും അറിയാം. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്ന രീതിയാണ് ജി.പി.എസ്. സംവിധാനത്തിലൂടെ കെ.എസ്.ആര്‍.ടി.സി. അവതരിപ്പിക്കുന്നത്.

മാര്‍ച്ച് 31-നകം കെ.എസ്.ആര്‍.ടി.സി. പൂര്‍ണമായും ജി.പി.എസ്. സംവിധാനത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകര്‍ പറയുന്നു. ഡിസംബര്‍ പകുതിയോടെ ബസ് സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയും. 

കൂടാതെ ടിക്കറ്റ് മെഷീനുമായി ജി.പി.എസ്. കണക്ട് ചെയ്യുന്നതോടെ ഒരു ട്രിപ്പിലെ വരുമാനമടക്കം വേഗത്തില്‍ കണക്കാക്കാന്‍ സാധിക്കും. നിലവില്‍ കുറച്ച് ബസുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമുണ്ട്. കെ.എസ്.ആര്‍.ടി.സി. പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് ജി.പി.എസ്. സംവിധാനം പ്രാവര്‍ത്തികമാക്കുന്നതെന്ന് എം.ഡി. പറഞ്ഞു.

Content Highlights: KSRTC Planning To Install GPS Device In 5500 Buses