കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ചെറുറോഡുകളില്‍നിന്ന് പ്രധാന പാതകളിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ഓട്ടോറിക്ഷകള്‍മുതല്‍ മിനിവാനുകള്‍വരെ (സമാന്തരവാഹനങ്ങള്‍) വിന്യസിക്കാന്‍ ഗതാഗതവകുപ്പ് ഒരുങ്ങുന്നു. ഇവയ്ക്ക് പെര്‍മിറ്റ് നല്‍കും. പ്രധാന റോഡുകളിലൂടെ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് യാത്രക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് ജോലി. ബസുകള്‍ കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഇടറോഡുകളില്‍ യോജ്യമായ വാഹനങ്ങള്‍ക്കാണ് അനുമതി.
ഓട്ടോറിക്ഷകള്‍മുതല്‍ 18 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് കുത്തകയുള്ള ദേശസാത്കൃത റൂട്ടുകളിലേക്കുള്ള ചെറുപാതകളില്‍ അംഗീകൃത സമാന്തരവാഹനങ്ങളുണ്ടാകും. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കും.
നിലവില്‍ പ്രധാന പാതകളില്‍ അനധികൃതമായി ഓടുന്ന സമാന്തരവാഹനങ്ങള്‍ക്ക് ചെറുറോഡുകളില്‍ അവസരം നല്‍കും. മത്സരം ഒഴിവാക്കാന്‍ പെര്‍മിറ്റ് വ്യവസ്ഥയുണ്ടാകും. കോവിഡ് ലോക്ഡൗണിനുശേഷം പ്രതിസന്ധി നേരിടുന്ന ടാക്സിമേഖലയ്ക്ക് ഇത് ആശ്വാസമാവും.
യാത്രയുടെ ആരംഭംമുതല്‍ അവസാനംവരെ പൊതുഗതാഗതസംവിധാനത്തെ ഏകോപിപ്പിക്കുന്ന സംവിധാനമാണിത്. വീട്ടുപടിക്കല്‍നിന്നും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ചെറുവാഹനങ്ങള്‍ ലഭിക്കും. ഭാവിയില്‍ ഒറ്റടിക്കറ്റില്‍ ഒന്നിലധികം യാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കാനുമാകും.
പൊതുഗതാഗതസംവിധാനത്തിന്റെ ഭാഗമാകുന്ന ചെറുവാഹനങ്ങളെയും കെ.എസ്.ആര്‍.ടി.സി.യുടെ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും. ഉദാഹരണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് വീടിന് തൊട്ടടുത്തുനിന്നുള്ള പൊതുഗതാഗതസംവിധാനം (ചെറുവാഹനങ്ങള്‍) ഉപയോഗിക്കാനാകും.
പരീക്ഷണം മണ്ണന്തലയില്‍
തിരുവനന്തപുരം മണ്ണന്തല- തിരുമല പാതയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ചെറുബസുകള്‍ ഫീഡര്‍സര്‍വീസായി ഓടുന്നതുണ്ട്. ഇവയില്‍ യാത്രചെയ്യാന്‍ ട്രാവല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംസ്ഥാനവ്യാപകമാക്കാനാണ് നീക്കം.
Content Highlights: KSRTC planning to deploy autorickshaws to minivans for passenger to reach bus station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..