കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ (പ്രതീകാത്മക ചിത്രം) |ഫോട്ടോ:മാതൃഭൂമി
സംസ്ഥാന-അന്തസ്സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കെ-സ്വിഫ്റ്റ് ബസ്സുകളില്‍ ഇനി ഒരു ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന്. ഒരു സ്വിഫ്റ്റ് ബസ്സില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ ജോലികള്‍ ചെയ്യുന്ന (ഡ്രൈവര്‍ കം കണ്ടക്ടര്‍) ഒരു കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ നിയമിക്കാനാണ് നീക്കം. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെ-സ്വിഫ്റ്റ് നിയമിച്ച രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഒരോ ബസ്സിലും നിയോഗിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി.യില്‍ ജോലിചെയ്തുവരുന്നതും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെ കെ-സ്വിഫ്റ്റ് ബസ്സുകളില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ താത്പര്യപത്രം ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കണം. താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10-നുമുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കെ-സ്വിഫ്റ്റ് യൂണിഫോം ധരിക്കേണ്ടിവരും. ഇത് കോര്‍പ്പറേഷന്‍ നല്‍കും. കെ.എസ്.ആര്‍.ടി.സി.യിലെ വേതന വ്യവസ്ഥയായിരിക്കും. കെ-സ്വിഫ്റ്റ് ബസ്സുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് യൂണിയനുകള്‍ പറയുന്നു. നേരത്തേതന്നെ ഒരുവിഭാഗം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നതാണ്.
കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങിയപ്പോള്‍ പുറത്തെടുത്തത് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു. എന്നാല്‍ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥ സ്വീകരിച്ച സമ്മതപത്രം നല്‍കാന്‍ എത്രപേര്‍ തയ്യാറാകും എന്ന് കണ്ടറിയണം. അധികജോലിക്ക് കെ-സ്വിഫ്റ്റിലെ വേതനവ്യവസ്ഥയാകും ബാധകമെന്നതും ജീവനക്കാരുടെ താത്പര്യം കുറയ്ക്കും. എന്നാല്‍ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഒന്നാംതീയതിതന്നെ ശമ്പളം കിട്ടുമെന്ന നേട്ടമുണ്ട്.
കെ.എസ്.ആര്‍.ടി.സി.യില്‍ തുടര്‍ച്ചയായ മാസങ്ങളില്‍ ശമ്പളം വൈകിയാണ് നല്‍കുന്നത്. ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുമെന്നതിനാല്‍ ഒരുവിഭാഗം ഡ്രൈവര്‍മാരെങ്കിലും കെ-സ്വിഫ്റ്റിലേക്ക് മാറാന്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Content Highlights: KSRTC planning to appoint a driver of K-Swift buses from KSRTC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..