രോ പാതയിലുമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരം യാത്രക്കാരെ അറിയിക്കുന്നതിനുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പദ്ധതി നിര്‍വഹണ ചുമതലയുണ്ടായിരുന്ന സി- ഡാക്കിന്റെ വീഴ്ച കാരണം വൈകിയ പദ്ധതി ഇപ്പോള്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കുന്നതെന്നും സി.എം.ഡി. ബിജു പ്രഭാകര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍മാരെ നിയോഗിച്ച് റൂട്ട് മാപ്പും സ്റ്റോപ്പുകളും ഉള്‍ക്കൊള്ളിച്ച് ഡേറ്റ തയ്യാറാക്കി കൈമാറിയിട്ടും സി-ഡാക്ക് ആറുമാസത്തോളം പദ്ധതി വൈകിപ്പിച്ചു. സോഫ്റ്റ്വേര്‍ നിര്‍മാണവും വൈകി. ഇതേതുടര്‍ന്നാണ് സി-ഡാക്കിനെ ഒഴിവാക്കിയത്.

സി-ഡാക്കിന് കൈമാറിയ ഡേറ്റ തിരികെ നല്‍കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി. വീണ്ടും ജീവനക്കാരെ നിയോഗിച്ച് സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതുവഴിയുണ്ടായ നഷ്ടം സി-ഡാക്കില്‍ നിന്നും ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. സി-ഡാക്ക് നിര്‍ദേശിച്ചപ്രകാരം വാങ്ങിയ 50 ജി.പി.എസുകളാണ് ബസുകളില്‍ ഉപയോഗിച്ചത്. ഇവ കൃത്യമായ വിവരം നല്‍കിയില്ല.

ഇവ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ജി.പി.എസുകള്‍ സര്‍ട്ടിഫൈ ചെയ്ത സി-ഡാക്കിനുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി. കൈമാറിയ ഡേറ്റ തിരികെ നല്‍കില്ലെന്ന നിലപാട് എടുത്തതിനെ തുടര്‍ന്നാണ് സി- ഡാക്കിനെതിരേ നിയമനടപടി സ്വീകരിച്ചതും ബാങ്ക് ഗ്യാരന്റി തുക ഈടാക്കിയതുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Content Highlights: KSRTC Passenger Information System Will Start On October