നവണ്ടിയില്‍ മലക്കപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം. സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ ഒമ്പത് പ്രത്യേക സര്‍വീസുകളാണ് ചാലക്കുടിയില്‍നിന്ന് മലക്കപ്പാറയിലേക്ക് കെ.എസ്.ആര്‍.ടി.സി. നടത്തിയത്. 450 പേരാണ് ആനവണ്ടിയില്‍ മലക്കപ്പാറ സന്ദര്‍ശിച്ചത്. ആദ്യം ആറ് സര്‍വ്വീസുകളാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സഞ്ചാരികള്‍ കൂടുതല്‍ എത്തിയതോടെ ഒന്‍പത് ബസുകളാണ് പുറപ്പെട്ടത്. 

ദിവസേനയുള്ള സര്‍വീസുകള്‍ കൂടാതെയായിരുന്നു ഒമ്പത് സര്‍വീസുകള്‍. ശനിയാഴ്ച ആറ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഒന്നര ലക്ഷത്തിലേറെ രൂപയാണ് മലക്കപ്പാറ യാത്രയില്‍നിന്നുമാത്രം രണ്ട് ദിവസംകൊണ്ട് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനം. മഴക്കാടുകളിലൂടെയുള്ള 90 കിലോമീറ്റര്‍ യാത്രയില്‍ നിരവധി അനുഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കില്‍ ആന, കാട്ടുപോത്ത്, പുലി തുടങ്ങിയ വന്യമൃഗങ്ങളെ യാത്രയില്‍ കാണാനാകും.

കോടമഞ്ഞില്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ റൂട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും വ്യൂ പോയിന്റുകളിലും ബസ് നിര്‍ത്തുന്നുണ്ട്. ഇരുഭാഗത്തേക്കുമായി 204 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിലെ യാത്രക്കാരുടെ ആവശ്യമനുസരിച്ച് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നതും യാത്രക്കാരെ ഉള്‍പ്പെടുത്തിയുളള പാക്കേജുകള്‍ നടപ്പിലാക്കുന്നതും പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. 

നിലവില്‍ യാത്രക്കാരുടെ ആവശ്യാനുസരണം റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. മഹാനവമി, വിജയദശമി ദിനങ്ങളില്‍ നിരവധി ബുക്കിങ് ഉള്ളതിനാല്‍ സമീപ ഡിപ്പോകളില്‍ നിന്ന് ബസുകള്‍ ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ചാലക്കുടി ഡിപ്പൊ അധികൃതര്‍. തുമ്പൂര്‍മുഴി-അതിരപ്പിള്ളി-വാഴച്ചാല്‍ ഡി.എം.സി.യുടെ മലക്കപ്പാറ ജംഗിള്‍ സഫാരി യാത്രയിലും നിരവധി സഞ്ചാരികളെത്തുന്നുണ്ട്.

Content Highlights; KSRTC Malakkappara Special Service, KSRTC Bus, Malakkappara Tourist Spot