പ്രതീകാത്മക ചിത്രം | | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
എറണാകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങുന്നു. മൂന്ന് ബസുകളാണ് ഇതിനായി രൂപമാറ്റം നടത്തിയത്. വിശ്രമ മുറികള്‍ അടിയന്തരമായി നവീകരിച്ച് താമസ യോഗ്യമാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിദേശം നല്‍കി.
വിശ്രമ മുറിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജൂലായ് 24-ന് മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് കമ്മിഷന്റെ ഇടപെടലിന് കാരണമായത്. ചിത്രം കണ്ട മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പഴകിയ കെട്ടിടങ്ങള്‍ നന്നാക്കാന്‍ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി. മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.
എന്നാല്‍, ജീവനക്കാര്‍ക്ക് സുരക്ഷിതമായ വിശ്രമ മുറി ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം മാനേജ്‌മെന്റിനുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ജോലിയുടെ സ്വഭാവവും സമയവും കണക്കിലെടുക്കുമ്പോള്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ല. മഹാമാരിക്കാലത്ത് ഇത്രയും ശോചനീയ അവസ്ഥയില്‍ ജീവനക്കാര്‍ വിശ്രമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഇതിനിടെയാണ് ബസുകളില്‍ ജീവനക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറായത്. 16 ബര്‍ത്തുകള്‍ വീതമുള്ള മൂന്ന് ബസുകള്‍ വിശ്രമ മുറിയായി മാറ്റിയിട്ടുണ്ട്. പൂര്‍ണമായി ശീതീകരിച്ച ബസിനുള്ളില്‍ ലഘു ഭക്ഷണം കഴിക്കാനുള്ള മടക്കിവെയ്ക്കാവുന്ന മേശയും ക്രമീകരിച്ചിട്ടുണ്ട്. ഇവ അടുത്തുതന്നെ ജീവനക്കാര്‍ക്ക് വിട്ടുകൊടുക്കും.
Content Highlights: KSRTC Makes Three Staff Sleeper Bus For Kochi Depot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..