നവണ്ടിപ്രേമികളുടെ ആഘോഷം അതിരുവിട്ടതായി പരാതി. കെ.എസ്.ആര്‍.ടി.സി. ബസിന് മുകളില്‍ കയറിയും പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന ഡിപ്പോയില്‍ പടക്കംപൊട്ടിച്ചും വിനോദസഞ്ചാരികള്‍ അപകടം വിളിച്ചുവരുത്തിയെന്നാണ് പരാതി. കെ.എസ്.ആര്‍.ടി.സി. ബത്തേരി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ടീം ആനബസ് എന്ന സാമൂഹികമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ടീം ആനബസ് മീറ്റാണ് വിവാദമായിരിക്കുന്നത്.

ടീം ആനബസ് മീറ്റിന്റെ ഭാഗമായി, ബത്തേരി ഡിപ്പോയിലെ രണ്ട് ബസുകള്‍ വാടകയ്ക്ക് എടുത്ത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുപേരാണ് എത്തിയത്. ബത്തേരി ഡിപ്പോയില്‍ യാത്രയുടെ ഉദ്ഘാടനസമയത്തും ചിലര്‍ ബസിന് മുകളില്‍ കയറിയിരുന്നു. ബത്തേരി ഡിപ്പോയില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മീറ്റ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ബസ് യാത്രപുറപ്പെടുന്നതിനുമുമ്പ് ഡിപ്പോയില്‍ പടക്കംപൊട്ടിച്ചെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ പരാതി.

കാരാപ്പുഴയ്ക്ക് സമീപത്തുവെച്ച് യാത്രക്കാരെ ബസിന് മുകളില്‍ക്കയറ്റി അപകടകരമായ രീതിയില്‍ വാഹനം പുറകോട്ടെടുക്കുന്നതിന്റെയും ആളുകള്‍ ബസിന് മുകളില്‍ വൈദ്യുതലൈനിന് തൊട്ടുതാഴെയായി നില്‍ക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിന് മുകളില്‍ കയറിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍തന്നെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്ന ഡിപ്പോയില്‍ കരിമരുന്നു പ്രയോഗം നടത്തിയതും വാടകയ്ക്ക് നല്‍കിയ ബസ് ദുരുപയോഗം ചെയ്തതടക്കമുള്ള നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്കും നോര്‍ത്ത് സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കുന്ന അധികൃതര്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുനേരെയും നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി.യും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

വയനാട്ടില്‍ സംഘടിപ്പിച്ച ടീം ആനബസ് മീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ടീം ആന ബസ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പറഞ്ഞു. ഡിപ്പോയില്‍ പടക്കം പൊട്ടിച്ചിട്ടില്ല. കല്യാണ ആഘോഷങ്ങളിലും മറ്റും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പുക ഉയര്‍ന്നുവരുന്ന ഫയര്‍ സ്റ്റിക്കും വര്‍ണക്കടലാസുകള്‍ ചിതറുന്ന കളര്‍ ബോംബുമാണ് ഉപയോഗിച്ചത്. ഇതു പൊട്ടിക്കുമ്പോഴുള്ള ശബ്ദം കേട്ട് തെറ്റിദ്ധരിച്ചതാവാനാണ് സാധ്യത. ആളുകളെ ബസിന് മുകളില്‍ കയറ്റി യാത്രചെയ്തിട്ടില്ല.

വയനാട്ടിലെ വിനോദസഞ്ചാര സ്ഥലങ്ങളെ കോര്‍ത്തിണക്കി സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗരേഖ തയ്യാറാക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്ഥലങ്ങള്‍ ആസ്വദിക്കാനും അതുവഴി കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമുണ്ടാക്കാനും കഴിയുമെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Content Highlights: KSRTC Lovers Gathering At Wayanad; Celebrations, Social Media Members