യാത്രക്കാരുടെ കുറവ് മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ബസ് സര്‍വീസ് നിര്‍ത്തരുതെന്ന് പെരിന്തല്‍മണ്ണ നിയുക്ത എം.എല്‍.എ. നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ഈ സര്‍വീസിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി തന്റെ ആദ്യ ശമ്പളം നല്‍കുമെന്നും നജീബ് കാന്തപുരം പെരിന്തല്‍മണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചു. 

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍മിച്ച ശേഷമാണ് എം.എല്‍.എ. ഇക്കാര്യം അറിയിച്ചത്. എം.എല്‍.എ. എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ആദ്യ ശമ്പളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ബസ് സര്‍വീസിന്റെ നടത്തിപ്പിനായി മാറ്റി വയ്ക്കുമെന്നാണ് അദ്ദേഹം നല്‍കിയ ഉറപ്പ്. 

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മണ്ണാര്‍ക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് മലപ്പുറം റൂട്ടിലുള്ള സര്‍വീസാണ് തിങ്കളാഴ്ച തുടങ്ങിയത്. രാവിലെ 7.15-ന് മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെടുന്ന ബസ് എട്ടിന് പെരിന്തല്‍മണ്ണയിലെത്തും. തിരികെ വൈകീട്ട് 3.15-ന് പുറപ്പെട്ട് നാലിന് മലപ്പുറത്തെത്തും. 

നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും സാമ്പത്തികബാധ്യതമൂലം സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല. സര്‍വീസിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് വരുന്ന അധികബാധ്യതയിലേക്കാണ് തന്റെ ആദ്യശമ്പളം നജീബ് കാന്തപുരം വാഗ്ദാനം ചെയ്തത്. ഡിപ്പോയിലെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ഡി.ടി.ഒ., കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ മുരളി, ജീവനക്കാരായ എ. ഉണ്ണി, മനോജ് ലാക്കയില്‍, അനില്‍കുമാര്‍, ശശീന്ദ്രന്‍, റോഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: KSRTC Lockdown Service For Health Workers; Najeeb Kanthapuram MLA Offer His First Salary To KSRTC