കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്|ഫോട്ടോ:മാതൃഭൂമി
സംസ്ഥാന, അന്തര്‍-സംസ്ഥാന ദൂര്‍ഘദൂര യാത്രകള്‍ക്കായി കെ.എസ്.ആര്.ടി.സി. ആരംഭിച്ച സ്വിഫ്റ്റ് ബസ് സര്‍വീസ് ഒരുമാസം പിന്നിട്ടിരിക്കുകയാണ്. വിജയകരമായ സര്‍വീസ് നടത്തുന്ന സ്വഫ്റ്റ് ബസുകള്‍ ഒരു മാസംകൊണ്ട് മൂന്ന് കോടി രൂപയില്‍ അധികം കളക്ഷന്‍ നേടിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. നോണ്‍ എ,സി, എ.സി, സെമി സ്ലീപ്പര്‍, എ.സി. സ്ലീപ്പര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 549 സ്വിഫ്റ്റ് ബസുകളിലായി 1078 ട്രിപ്പുകളില്‍ 55775 യാത്രക്കാരാണ് ഈ ബസുകളില്‍ ഇതുവരെ യാത്ര ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ നിന്നാണ് 3,01,62,808 രൂപ കളക്ഷനായി ലഭിച്ചതെന്നും മന്ത്രി ആന്റണി രാജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്വിഫ്റ്റ് ബസുകള്‍ വലിയ സ്വീകാര്യത നേടുന്നതും വിജയകരമായി സര്‍വീസ് നടത്തുന്നതും സര്‍ക്കാരിനും ജനങ്ങള്‍ക്കും ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്നും മന്ത്രി അറിയിച്ചു.
എ.സി. സീറ്റര്‍, നോണ്‍ എ.സി. സീറ്റര്‍, എ.സി. സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുള്ള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി സര്‍വീസ് നടത്തുന്നത്. നോണ്‍ എ.സി. വിഭാഗത്തില്‍ 17 സര്‍വീസുകളും എ.സി. സീറ്റര്‍ വിഭാഗത്തില്‍ അഞ്ച് സര്‍വീസുകളും എ.സി. സ്ലീപ്പര്‍ വിഭാഗത്തില്‍ നാലും സര്‍വീസുകളാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം-ബെംഗളൂരു, തിരുവനന്തപുരം-ബെംഗളൂരു ഓരോ ട്രിപ്പുമാണ് എ.സി. സ്ലീപ്പര്‍ ബസ് ദിവസേന ഓടുന്നത്.
എ.സി. സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട-ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്. നോണ്‍ എ.സിയില്‍ തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍, നിലമ്പൂര്‍-ബെംഗളൂരു, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-നിലമ്പൂര്‍, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി, പത്തനംതിട്ട-മൈസൂര്‍, പത്തനംതിട്ട-മംഗലാപുരം്, പാലക്കാട്-ബെംഗളൂരു്, കണ്ണൂര്‍-ബെംഗളൂരു, കൊട്ടാരക്കര-കൊല്ലൂര്‍, തലശ്ശേരി-ബെംഗളൂരു്, എറണാകുളം-കൊല്ലൂര്‍, തിരുവനന്തപുരം-മണ്ണാര്‍ക്കാട് എന്നിങ്ങനെയും സര്‍വീസ് നടത്തുന്നുണ്ട്.
ദീര്‍ഘദൂര യാത്രകള്‍ക്കായി കെ.എസ്.ആര്.ടി.സി. ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസുകള്‍ വലിയ ആശ്വാസമാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സീസണ് സമയങ്ങളിലെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കൂടുതല്‍ സ്വിഫ്റ്റ് ബസുകളും ട്രിപ്പുകളും നടപ്പാക്കുന്നത് കെ.എസ്.ആര്.ടി.സി. ആലോചിക്കുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും നല്‍കിയാണ് സ്വിഫ്റ്റ് സര്‍വീസ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..