ന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. സിഫ്റ്റ് ബസുകള്‍ വെല്ലുവിളിയാകും. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദവിയില്ലാത്ത സ്വതന്ത്രകമ്പനിയായ സിഫ്റ്റിന് സ്വകാര്യബസുകാരെപ്പോലെ കോണ്‍ട്രാക്ട് കാര്യേജ് ബസുകളും ഓടിക്കാനാകും. മറ്റു സംസ്ഥാനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതില്ല.

ഇരു സംസ്ഥാനങ്ങളിലും നികുതിയടയ്ക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാം. സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്തെ നികുതി ഒഴിവാക്കിക്കൊടുത്താല്‍ ടിക്കറ്റുനിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനാകും.

മറ്റു സംസ്ഥാനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍മാത്രമേ കെ.എസ്.ആര്‍.ടി.സി.ക്ക് അന്തസ്സംസ്ഥാന ബസുകള്‍ ഓടിക്കാനാവൂ. ഉദാഹരണമായി, 1400 കിലോമീറ്റര്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ അനുമതികിട്ടിയാല്‍ അത്രയും ദൂരം കേരളത്തില്‍ ഓടാന്‍ തമിഴ്നാട് കോര്‍പ്പറേഷനെയും അനുവദിക്കണം. കെ.എസ്.ആര്‍.ടി.സി.യെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടക്കച്ചവടമാണ്.

യാത്രക്കാര്‍ ഏറെയുള്ള തിരുവനന്തപുരം-നാഗര്‍കോവില്‍-ചെന്നൈ പാതയില്‍ (769 കിലോമീറ്റര്‍) 41 കിലോമീറ്റര്‍ മാത്രമാണ് സംസ്ഥാനത്തിനുള്ളിലുള്ളത്. കെ.എസ്.ആര്‍.ടി.സി.യുടെ ഒരു ബസ് ചെന്നൈയിലേക്കു പോകുമ്പോള്‍ നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരം പാതയിലേക്ക് 700 കിലോമീറ്റര്‍ ഓടാനുള്ള അവസരം തമിഴ്നാട് കോര്‍പ്പറേഷന് ലഭിക്കും.

കരാര്‍പ്രകാരം അതത് സംസ്ഥാനങ്ങളിലെ നിരക്കേ ഈടാക്കാവൂ. കേരളത്തിലെ ഉയര്‍ന്ന നിരക്ക് തമിഴ്നാട് കോര്‍പ്പറേഷനു നേട്ടമാകുമ്പോള്‍ അവിടത്തെ കുറഞ്ഞനിരക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമുണ്ടാക്കും. ഒറ്റ ട്രിപ്പില്‍ ജീവനക്കാര്‍ക്ക് അഞ്ചും ആറും ഡ്യൂട്ടി ലഭിക്കുന്ന കെ.എസ്.ആര്‍.ടി.സി.യിലെ ഡ്യൂട്ടിക്രമം അതേപടി സിഫ്റ്റില്‍ പകര്‍ത്തേണ്ടതില്ലെന്നതും നേട്ടമാണ്.

ഒരാഴ്ച ഡ്യൂട്ടി, ഒരുമാസത്തെ ഹാജര്‍

ഒരാഴ്ച തുടര്‍ച്ചയായി ഡ്യൂട്ടിചെയ്താല്‍ ഒരുമാസത്തെ ഹാജര്‍. ശേഷിക്കുന്ന ദിവസം മറ്റു ജോലികള്‍ ചെയ്യാം. ദീര്‍ഘദൂര ബസുകള്‍ സിഫ്റ്റിലേക്ക് മാറുമ്പോള്‍ ഇതേ വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി.യിലെ ഒരുവിഭാഗം ജീവനക്കാര്‍ ആശ്രയിച്ചിരുന്ന ഡ്യൂട്ടി ക്രമവും നഷ്ടമാകും. ഡ്യൂട്ടിയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നടക്കുന്ന തര്‍ക്കവും ഇല്ലാതാകും.

ജീവനക്കാരില്ലാതെ ബസ് മുടങ്ങുന്ന അവസ്ഥ ഒഴിവാകും. ക്രൂ ചെയ്ഞ്ച്, ഡ്രൈവര്‍ കം കണ്ടക്ടര്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഒഴിവാക്കാം. ഡ്രൈവര്‍-കണ്ടക്ടര്‍ ചേരിപ്പോരും തീരും. സിഫ്റ്റിലേക്ക് ദീര്‍ഘദൂര ബസുകള്‍ മാറ്റുന്നതിനെ ഒരുവിഭാഗം ജീവനക്കാര്‍ എതിര്‍ക്കുന്നത് ഡ്യൂട്ടിയിലുള്ള നഷ്ടം കാരണമാണ്.

Content Highlights: KSRTC K-Swift Bus Can Run Inter State Service With Out State Permission