കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിന് താത്പര്യ പത്രം ക്ഷണിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ 3000 ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പരീക്ഷണാര്‍ത്ഥം അഞ്ച് കമ്പനികളുടെ ബസുകള്‍ സി.എന്‍.ജി. യിലേക്കു മാറ്റാനാണ് താത്പര്യ പത്രം ക്ഷണിച്ചത്. ഏഴു വര്‍ഷത്തെ വാറന്റിയും വാര്‍ഷിക അറ്റകുറ്റപ്പണിയും ഉള്‍പ്പെടെയുള്ള നിബന്ധനകളോടെയാണ് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്.

ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനു സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി ഇന്ധനച്ചെലവിനത്തില്‍ മാത്രം പ്രതിമാസം 40 കോടിയോളം രൂപ ലാഭിക്കാമെന്നാണു പ്രതീക്ഷയെന്ന് കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ പറഞ്ഞു. ഏലൂരിലെ ജിയോലെറ്റ് ഓട്ടോ ഗ്യാസ് ഇന്‍ഡസ്ട്രീസിനാണ് ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യി ലേക്ക് മാറ്റുന്നതിന് സംസ്ഥാനത്ത് ആദ്യമായി ലൈസന്‍സ് ലഭിച്ചത്.

ജിയോലെറ്റ് 29 സ്വകാര്യ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റിയിട്ടുണ്ട്. 25 എണ്ണം കേരളത്തില്‍ സര്‍വീസ് നടത്തുന്നു. എറണാകുളം ജില്ലയില്‍ ഒമ്പത് സ്വകാര്യ ബസുകള്‍ സി.എന്‍.ജി.യില്‍ ഉണ്ട്. ഒരു ഡീസല്‍ ബസ് സി.എന്‍.ജി. യിലേക്ക് മാറ്റാന്‍ അഞ്ചു മുതല്‍ ഏഴു വരെ ദിവസങ്ങള്‍ വേണ്ടിവരും. നാലര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് ചെലവ്.

സാധാരണ ഒരു ബസിന് ആറ് സിലിന്‍ഡറാണ് ഉപയോഗിക്കുന്നത്. ആറ് സിലിന്‍ഡര്‍ ഉള്ള ഒരു വാഹനം 300 കിലോമീറ്ററോളം ഓടുമെന്ന് ജിയോലെറ്റ് ഓട്ടോ ഗ്യാസ് ഇന്‍ഡസ്ട്രിസ് ടെക്‌നിക്കല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ വര്‍ഗീസ് പി. ചെറിയാന്‍ പറഞ്ഞു. ചെറു ദൂരങ്ങള്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ആറു സിലിന്‍ഡര്‍ മതി. എന്നാല്‍ ദീര്‍ഘദൂര ബസുകള്‍ക്ക് എട്ടു മുതല്‍ 10 വരെ സിലിന്‍ഡര്‍ വേണ്ടിവരും.

ഇന്ധനച്ചെലവ് പകുതിയാകും

ഏറ്റവും വലിയ പ്രശ്‌നം എന്നും കൂടിക്കൊണ്ടിരിക്കുന്ന ഡീസല്‍ വിലയാണ്. ബസുകള്‍ സി.എന്‍.ജി.യിലാക്കിയാല്‍ ഇന്ധനച്ചെലവ് 40 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാവും. പ്രതിദിന വരുമാനത്തില്‍ പകുതിയോളം ചെലവഴിക്കുന്നതു ഡീസലിനു വേണ്ടിയാണ്.

- ബിജു പ്രഭാകര്‍, സി.എം.ഡി., കെ.എസ്.ആര്‍.ടി.സി.

Content Highlights: KSRTC Invite Tender To Convert KSRTC Diesel Bus In To CNG