കെ.എസ്.ആര്‍.ടി.സി.യില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉടന്‍ നടപ്പാക്കും. റൂട്ടിലുള്ള ബസുകളുടെ ലൊക്കേഷന്‍, ഒഴിവുള്ള സീറ്റുകളുടെ എണ്ണം, സ്റ്റാന്‍ഡുകളില്‍ ആദ്യമെത്തുന്ന ബസ് ഏതാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് പുതിയ സമ്പ്രദായത്തിലൂടെ അറിയാനാകും. ഇതിനായി മൊബൈല്‍ ആപ്പും വരുന്നുണ്ട്.
പുതിയരീതിയിലേക്ക് മാറുന്നതിനുമുന്നോടിയായി ബസുകളില്‍ ജി.പി.എസ്.ഘടിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 50 ബസുകളിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്. 5500-ഓളം ബസുകള്‍ അടുത്തഘട്ടത്തില്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറ്റും. ബസുകളുടെ വേഗംസംബന്ധിച്ച വിവരങ്ങളും ഇതുവഴി ശേഖരിക്കും.
ടിക്കറ്റിങ് സമ്പ്രദായവും ഇതുവഴി ബന്ധിപ്പിക്കുന്നതിലൂടെ വരുമാനം സംബന്ധിച്ച വിവരങ്ങളും ലഭിക്കും. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച പരിശീലനവും നല്‍കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളില്‍ ഉടന്‍തന്നെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളും സ്ഥാപിക്കും. സ്റ്റാന്‍ഡുകളില്‍ ആദ്യമെത്തുന്ന ബസുകളുടെ വിവരങ്ങള്‍ ഇതുവഴി അറിയാനാകും.
ബസുകളിലും ഡിസ്പ്ലേ ബോര്‍ഡുകള്‍ ഉണ്ടാകും. ഇതുവഴി ചെറിയ ശബ്ദസംവിധാനത്തോടെ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സ്റ്റോപ്പുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ബസുകളില്‍വെച്ചുതന്നെ അറിയാനാകും. ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്ന ബസുകളുടെ വിവരങ്ങള്‍ നല്‍കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ജനപ്രതിനിധികളോ സ്‌പോണ്‍സര്‍മാരോ തയ്യാറായാല്‍ ബസ് സ്റ്റോപ്പുകളിലും ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതിയ പദ്ധതിയുടെ ഏകോപനത്തിന് കണ്‍ട്രോള്‍ റൂമും യാത്രക്കാര്‍ക്കായി സഹായകേന്ദ്രവും വരും.
Content Highlights: KSRTC Install Passenger Information System