പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വിമാനത്താവളങ്ങളിലെ ഉപയോഗത്തിനായി കെ.എസ്.ആര്‍.ടി.സി.യുടെ 24 എ.സി. ലോ ഫ്‌ളോര്‍ ബസുകള്‍ വാടകയ്ക്കു നല്‍കുന്നു. ഇന്ധനക്ഷമതയില്ലാത്തതിനാല്‍ കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടാക്കുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ വാടകയ്ക്കു നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം ഉറപ്പാക്കാമെന്നാണ് കണക്കുകൂട്ടല്‍.
വോള്‍വോയുടെ നവീകരിച്ച ഒരു എ.സി. ലോ ഫ്‌ളോര്‍ ബസാണ് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൈമാറിയിട്ടുള്ളത്. ഉടന്‍തന്നെ രണ്ട് ബസുകള്‍കൂടി തിരുവനന്തപുരത്തേക്ക് നല്‍കുന്നുണ്ട്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പുമായി കെ.എസ്.ആര്‍.ടി.സി. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു.
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിനാണ് ബസുകളുടെ മേല്‍നോട്ടച്ചുമതല. ചെന്നൈ, കോയമ്പത്തൂര്‍, നെടുമ്പാശ്ശേരി, ബെംഗളൂരു അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് 23 ബസുകള്‍ കൂടി ബേര്‍ഡ് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ബസുകളും വൈകാതെ കൈമാറും.
കമ്പനി മാസവാടകയായി നിശ്ചയിച്ചിട്ടുള്ള തുക കോര്‍പ്പറേഷന് നല്‍കും. അറ്റകുറ്റപ്പണികളും കമ്പനിതന്നെ നിര്‍വഹിക്കും. ജീവനക്കാരുടെ ശമ്പളം, ഇന്ധനച്ചെലവ് എന്നിവ ഒഴിവാകുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച വരുമാനം ബസുകളില്‍നിന്ന് ലഭിക്കും.
അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി ലഭിക്കുന്നത് ആദ്യമായാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. കരാര്‍ കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ബസുകള്‍ രൂപമാറ്റംവരുത്തി കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ കെ.എസ്.ആര്‍.ടി.സി. തുടങ്ങിയിട്ടുണ്ട്.
Content Highlights: KSRTC give volvo low floor buses to Airport for ground services, KSRTC Volvo Low Floor Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..