ഓക്സിജന്‍ ടാങ്കറുകളുടെ സാരഥ്യം ഏറ്റെടുക്കാന്‍ സന്നദ്ധരായി കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍. ഡ്രൈവര്‍മാരുടെ കുറവു കാരണം ദ്രവീകൃത ഓക്സിജന്റെ വിതരണം താളംതെറ്റാതിരിക്കാനാണ് പുതിയ ക്രമീകരണം. സ്വമേധയാ തയ്യാറായ ഡ്രൈവര്‍മാര്‍ക്ക് എറണാകുളത്ത് മോട്ടോര്‍ വാഹനവകുപ്പ് രണ്ടുദിവസത്തെ പരിശീലനം നല്‍കും. ഇതിനുശേഷം ഇവരെ ഓക്സിജന്‍ ടാങ്കറുകളില്‍ നിയോഗിക്കും.
പാലക്കാട് ഡിപ്പോയില്‍ നിന്നും 35 ഉം എറണാകുളത്തുനിന്നും 25 ഡ്രൈവര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ഇവരെ ഓക്സിജന്‍ നീക്കത്തിന് ഉപയോഗിക്കാനാകും. ദ്രവീകൃത ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നത് ഡ്രൈവര്‍മാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കെ.എസ്.ആര്.ടി.സി.യുടെ സഹായം തേടിയത്.
പാലക്കാട് കഞ്ചിക്കോടാണ് പ്രധാന പ്ലാന്റുള്ളത്. ഇവിടെനിന്നും ദ്രവീകൃത ക്രയോജനിക് ടാങ്കറുകള്‍ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കേണ്ടതുണ്ട്. ടാങ്കറില്‍ കൊണ്ടുവരുന്ന ഓക്സിജന്‍ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മര്‍ദത്തില്‍ പകര്‍ത്തണം. ഇതിനാവശ്യമായ പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കും.
അടിയന്തര സാഹചര്യം വന്നതോടെ കമ്പനിയുടെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ടാങ്കറുകള്‍ ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഓക്സിജന്‍ നിറച്ച ടാങ്കറുകള്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയില്ല. അതിനാല്‍ ലോഡ് ഇറക്കിയതിനുശേഷം ടാങ്കറുകള്‍ പരമാവധി വേഗതയില്‍ തിരിച്ചെത്തിക്കുകയാണ്.
പ്ലാന്റില്‍നിന്നും വീണ്ടും ഓക്സിജന്‍ നിറച്ച് അടുത്തൊരു സ്ഥലത്തേക്ക് ഉടന്‍ എത്തിക്കേണ്ടിവരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ പരിഭ്രാന്തിക്ക് വകയില്ലെങ്കിലും ഈ ക്രമീകരണം താളംതെറ്റിയാല്‍ അപകടസാധ്യതയുണ്ട്. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാത്ത അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാരെ നല്‍കുന്നുണ്ട്. ബസുകള്‍ ഓടിക്കാത്തിനാല്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനാകും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പകരമായും കോര്പ്പറേഷന് ഡ്രൈവര്‍മാര്‍ ചുമതലയേറ്റിട്ടുണ്ട്.
33 ഓക്സിജന്‍ ടാങ്കറുകള്‍
30 ക്രയോജനിക് ടാങ്കറുകളാണ് സംസ്ഥാനത്തുള്ളത്. ഉത്തരേന്ത്യന്‍ കമ്പനി ഉപയോഗിക്കാതിട്ടിരുന്ന മൂന്ന് ടാങ്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇവ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..