നവണ്ടിപ്രേമികളുടെ കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള ആഘോഷം അതിരുവിട്ട സംഭവത്തില്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍വാഹനവകുപ്പും. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ചീരാല്‍ സ്വദേശി കെ.ടി. വിനോദ് കുമാര്‍, കേണിച്ചിറ സ്വദേശി ടി.ബി. ഷിജു എന്നിവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. 

സോണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തുതന്നെ വകുപ്പുതല നടപടി ഉണ്ടാവുമെന്നാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ടീം ആനബസ് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ഒത്തുചേരലാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. 

കെ.എസ്.ആര്‍.ടി.സി. ബസിനുമുകളില്‍ കയറിയും ഡിപ്പോയില്‍ പടക്കം പൊട്ടിച്ചും വിനോദസഞ്ചാരികള്‍ അപകടകരമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നൂറുപേരാണ് കൂട്ടായ്മക്കെത്തിയത്. 

ഇവര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ബസുകളിലായാണ് സന്ദര്‍ശിച്ചത്. കാരാപ്പുഴയ്ക്ക് സമീപത്ത് യാത്രക്കാരെ ബസിനുമുകളില്‍ കയറ്റി അപകടകരമായ രീതിയില്‍ വാഹനം പിറകോട്ടെടുക്കുന്നതിന്റെയുംമറ്റും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

Content Highlights: KSRTC Fans Gathering; Department Take Action Against Two Drivers