രുകാലത്ത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ബസുകളെല്ലാം ഇപ്പോള്‍ ഈഞ്ചയ്ക്കല്‍ പാര്‍ക്കിങ് യൂണിറ്റില്‍ വിശ്രമത്തിലാണ്. അതില്‍ ഓടുന്ന വണ്ടികളുണ്ട്, കാലാവധി കഴിഞ്ഞവയുണ്ട്, നന്നാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടവയുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്ന് എത്തിച്ചവയാണ് ഇതെല്ലാം. ഇതില്‍ ലോ ഫ്‌ളോര്‍ ജന്റം ബസുകള്‍ ഇനി റോഡിലിറക്കാന്‍ കഴിയില്ല. കാരണം അവ അത്രത്തോളം കിടന്നു നശിച്ചു. നന്നാക്കണമെങ്കില്‍ പാര്‍ട്സും കിട്ടാനില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. നിരത്തുന്ന വാദം. 50 ലോ ഫ്‌ളോര്‍ ബസുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവയുടെ എന്‍ജിന്‍ ഭാഗങ്ങളെല്ലാം അഴിച്ചുമാറ്റിയ നിലയിലാണ്. ഇനി ഇവ ഇവിടെനിന്നു മാറ്റണമെങ്കില്‍ത്തന്നെ നല്ലൊരു തുക ചെലവാക്കണം.

നന്നാക്കിയാല്‍ ഓടാം

ഈഞ്ചയ്ക്കല്‍ പാര്‍ക്കിങ് യൂണിറ്റില്‍ കിടന്ന 18 ബസുകള്‍ ഈയിടെ നന്നാക്കി മറ്റ് ഡിപ്പോകള്‍ക്കു കൈമാറിയിരുന്നു. ബാക്കി ബസുകള്‍ ഇവിടെക്കിടന്നു കാടുകയറി. ഇവയില്‍ പലതും നന്നാക്കിയാല്‍ ഓടിക്കാമെന്ന് ജീവനക്കാര്‍ പറയുന്നു. മതില്‍ക്കെട്ടില്ലാത്തതിനാല്‍ ബസുകള്‍ക്ക് യാതൊരു സുരക്ഷയുമില്ല. വിവിധ ഡിപ്പോകളില്‍നിന്ന് രാത്രിയില്‍ ബസ് കൊണ്ടുവന്നിടും. പിന്നീട് ഇത് ഇവിടെനിന്നു കൊണ്ടുപോകില്ലെന്നാണ് പരാതി. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്ന കണക്കനുസരിച്ച് ഇവിടെ 140 ബസുകളേ പാര്‍ക്ക് ചെയ്തിട്ടുള്ളൂവെന്നും ഇതില്‍ 60 എണ്ണം കണ്ടം ചെയ്യേണ്ടവയാണെന്നുമാണ്. എന്നാല്‍, ജീവനക്കാര്‍ പറയുന്നത് ഇവിടെ ഇരുനൂറിലധികം വണ്ടികളുണ്ടെന്നാണ്.

പല ഡിപ്പോകളില്‍നിന്ന് ജീവനക്കാര്‍

ഇവിടെ സ്ഥിരം ജീവനക്കാരില്ല. പലരും വിവിധ ഡിപ്പോകളില്‍നിന്ന് ഓരോദിവസവും എത്തും. ഇവര്‍ക്ക് പല ഡ്യൂട്ടിയുമുണ്ട്- വണ്ടി സ്റ്റാര്‍ട്ട് ചെയ്തിടണം, ചില വണ്ടികള്‍ നന്നാക്കിയെടുക്കണം, മറ്റ് ഡിപ്പോകളില്‍ നിന്ന് വണ്ടിയുടെ ആവശ്യവുമായി എത്തുന്നവര്‍ക്കു കൈമാറണം. രണ്ട് മെക്കാനിക്കുകളും ഒരു എന്‍ജിനിയറുമാണ് ഇവിടെ ഓരോ ദിവസവും എത്തുക. ഇവിടെനിന്നും പാപ്പനംകോട് റീജണല്‍ വര്‍ക്ഷോപ്പില്‍ കൊണ്ടുപോയാണ് ബസുകള്‍ നന്നാക്കുന്നത്. ഏഴു മുതല്‍ പത്തുവര്‍ഷം വരെ പഴക്കമുള്ള വണ്ടികള്‍ ഇവിടെ കിടക്കുന്നുണ്ട്.

ലഘുഭക്ഷണശാല ഒരുക്കാം, സ്ലീപ്പറുമാക്കാം

ബസുകള്‍ ഇങ്ങനെ നശിപ്പിക്കാതെ ലഘുഭക്ഷണശാലയാക്കി മാറ്റാവുന്നതേയുള്ളൂ. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഒരുക്കാം. നിലവില്‍ മില്‍മയുടെയും വിനോദസഞ്ചാരവകുപ്പിന്റെയും നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ ഇവ തുടങ്ങി. വിനോദസഞ്ചാരികള്‍ക്കു വിശ്രമിക്കാന്‍ സ്ലീപ്പര്‍ ബസുകളായും ഇവയെ മാറ്റാം. നിലവില്‍ മൂന്നാറില്‍ എട്ടു ബസുകളിലായി 112 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാറില്‍ ഇവ തികയില്ലെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കുമറിയാം.

കണ്ടം ചെയ്യാനുള്ളവ എങ്ങനെ ഓടിക്കും

നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ ഭൂരിഭാഗവും കണ്ടം ചെയ്യാനുള്ളവയാണ്. ചില റിസര്‍വ് പൂളിലുള്ള വണ്ടികള്‍ തകരാര്‍ പരിഹരിച്ച് ഡിപ്പോകളിലേക്കു നല്‍കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം വണ്ടികള്‍ മാറ്റിയിട്ടിട്ടുണ്ട്. കേരളത്തിലാകെ 460 വണ്ടികള്‍ പുതുതായി വരാനുണ്ട്. ഇരുനൂറിലധികം വണ്ടികള്‍ വാടകയ്ക്കും എടുക്കുന്നുണ്ട്. 

ഇതിനാല്‍ തകരാറുള്ള വണ്ടികള്‍ ഡിപ്പോയില്‍ ഇട്ടാല്‍ പുതുതായി വരുന്നവ എവിടെയിടും? ഡിപ്പോയില്‍ പഴയവണ്ടികള്‍ കൊണ്ടിട്ടാല്‍ യാത്രക്കാര്‍ എവിടെ നില്‍ക്കും? പല വര്‍ക്ഷോപ്പുകളിലായി കിടക്കുന്ന ചീത്തയായ വണ്ടികളാണ് ഈഞ്ചയ്ക്കല്‍പോലുള്ള യൂണിറ്റില്‍ കൊണ്ടിട്ടത്. ഇവ ഇനി മാറ്റില്ല. ജന്റം ബസുകള്‍ കേരളത്തില്‍ ഓടിക്കാന്‍ കഴിയാത്തവയാണ്. ഇതിന് മൈലേജുമില്ല.

-ബിജു പ്രഭാകര്‍, എം.ഡി., കെ.എസ്.ആര്‍.ടി.സി.

Content Highlights: KSRTC Enjakkal parking Unit, Old KSRTC buses, Scrape bus, Buses parked in parking yard