സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ | Photo: Social Media
കിഫ്ബി വായ്പയില്‍ വാങ്ങിയ ഇലക്ട്രിക് ബസുകള്‍ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരേ കെ.എസ്.ആര്.ടി.സി.യില്‍ പ്രതിഷേധം ശക്തം. ഉദ്ഘാടം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളില്‍ ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു. പ്രഖ്യാപിച്ചപ്പോള്‍ ബി.എം.എസും ടി.ഡി.എഫും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രതിഷേധമൊഴിവാക്കാന്‍ കുടിശ്ശികശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തെങ്കിലും യൂണിയനുകള്‍ വഴങ്ങിയില്ല.
ഇടതുപക്ഷസംഘടനയായ സി.ഐ.ടി.യു. ബസുകള്‍ തടയാന്‍ രംഗത്തിറങ്ങിയത് മാനേജ്മെന്റിനും സര്‍ക്കാരിനും ക്ഷീണമായി. ഉദ്ഘാടനവേദിയിലെ പ്രതിഷേധം ഒഴിവാക്കുന്നതിനാണ് മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ജൂണിലെ ശമ്പളക്കുടിശ്ശിക ഉടന്‍ തീര്‍ക്കാമെന്നും ജൂലായ് മുതല്‍ മുടക്കമില്ലാതെ ശമ്പളം നല്‍കാമെന്നും ചര്ച്ചതുടങ്ങവേ സി.എം.ഡി. ബിജുപ്രഭാകര്‍ അറിയിച്ചു. ഓഗസ്റ്റ് 10-ന് മുമ്പ് ശമ്പളക്കുടിശ്ശിക പൂര്‍ണമായും തീര്‍ക്കുമെന്നും വാഗ്ദാനംചെയ്തു.
പലതവണ ഇക്കാര്യം ഉറപ്പുനല്‍കിയിട്ടും മാനേജ്മെന്റ് പാലിച്ചിട്ടില്ലെന്ന് തൊഴിലാളിനേതാക്കള്‍ തിരിച്ചടിച്ചു. ശമ്പളം നല്‍കിയിട്ട് മതി ഡ്യൂട്ടിപരിഷ്കരണം ഉള്‍പ്പെടെയുള്ളവ എന്ന നിലപാടില്‍ പ്രതിപക്ഷസംഘടകള് ഉറച്ചുനിന്നു. സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റിന് നല്കുന്ന തീരുമാനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് സി.എം.ഡി. വ്യക്തമാക്കിയതോടെ യൂണിയന്നേതാക്കള് പ്രതിഷേധം അറിയിച്ച് പുറത്തിറങ്ങി.
25 ഇലക്ട്രിക് ബസുകളാണ് വാങ്ങിയത്. 50 ഇലക്ട്രിക് ബസുകള്‍ ഇറക്കിയാല്‍ ഒരുമാസം ഡീസല്ച്ചെലവില് 45 ലക്ഷം രൂപയുടെ ലാഭമുണ്ടാകുമെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു. കരാര്‍ജീവനക്കാരെ നിയോഗിക്കുന്നതിനാല്‍ സ്വിഫ്റ്റിന് പ്രവര്‍ത്തനച്ചെലവും കുറവാണ്. ഇപ്പോഴത്തെ ഡീസല്‍ ബസുകള്‍ ഒരു കിലോമീറ്ററിന് 50 രൂപ നഷ്ടമാണുണ്ടാക്കുന്നത്. സിറ്റി സര്‍ക്കുലറില്‍ 800 സ്ഥിരജീവനക്കാരാണുള്ളത്. വൈദ്യുതബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയോഗിക്കുന്നതിനാല്‍ ഇവരെ പുനര്‍വിന്യസിക്കാം. മറ്റു ജില്ലകളില്‍നിന്നുള്ള 100 സ്ഥിരജീവനക്കാരെ തിരിച്ചയക്കുകയും ചെയ്യാമെന്ന് മാനേജ്മെന്റ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..