KSRTC
representative image

കൊച്ചി: ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന വൈദ്യുത ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ബാധ്യതയാകുന്നു. പരിസ്ഥിതിസൗഹൃദവും ശബ്ദരഹിതവുമെന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഇവ നഷ്ടത്തിലാണ് ഓടുന്നത്. ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഒരുദിവസം ഒരു ബസിന് ശരാശരി വരുമാനം 15,707 രൂപമാത്രം. ചാര്‍ജിങ് ചാര്‍ജും വാടകയും ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവെല്ലാംകൂടി കൂട്ടുമ്പോള്‍ സര്‍വീസ് ലാഭമല്ലാതാകുകയാണ്.

ബസിന്റെ വാടക തന്നെയാണ് പ്രധാന ബാധ്യത. വെറ്റ് ലീസ് വ്യവസ്ഥയില്‍ ലഭ്യമാക്കിയ ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 43.26 രൂപയാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ട വാടക. തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ ഓടുന്ന ബസിന് വാടക ഇനത്തില്‍ മാത്രം 9000 രൂപയ്ക്ക് മുകളില്‍വരും. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ബസ് ലാഭത്തിലാണ്. എ.സി. ഡീസല്‍ ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഡീസല്‍ ഇനത്തില്‍ 35.64 രൂപ ചെലവുണ്ട്. അതേസമയം, എ.സി. വൈദ്യുത ബസുകള്‍ക്ക് 1.5 കിലോവാട്ട് വൈദ്യുതിയാണ് വേണ്ടത്. ഇതിന് ചെലവാകുന്നത് 8.63 രൂപയാണ്. ചാര്‍ജിങ്ങിനായി ഒരു ബസിന് ദിവസം 2500 രൂപയ്ക്ക് മുകളില്‍ ചെലവുവരുന്നുണ്ട്.

തിരുവനന്തപുരം സിറ്റി, എറണാകുളം എന്നീ ഡിപ്പോകളെ കേന്ദ്രീകരിച്ചാണ്. തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ പത്ത് വൈദ്യുതബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ മൂന്നെണ്ണം അപകടത്തില്‍പ്പെട്ട് നിര്‍ത്തി. ശബരിമല സീസണ്‍ ആരംഭിച്ചതുമുതല്‍ ബസ് ഇവിടേക്ക് സര്‍വീസ് മാറ്റി. എന്നാല്‍, ഇവിടെയും ലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ല.

ലാഭമല്ലെന്ന് പറയുമ്പോള്‍പോലും കെ.എസ്.ആര്‍.ടി.സി. വെറ്റ് ലീസ് വ്യവസ്ഥയില്‍ 12 മീറ്റര്‍ നോണ്‍ എ.സി. വൈദ്യുത ബസുകള്‍ വാങ്ങാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-100, എറണാകുളം-100, കോഴിക്കോട്- 50 എന്നിങ്ങനെ 250 ബസുകളാണ് എത്തിക്കുക. ഇതിനായി ദര്‍ഘാസ് ക്ഷണിച്ചിരിക്കുകയാണ്.

Content Highlights; ksrtc electric buses are not profitable, 250 ksrtc electric bus coming soon