കെ.എസ്.ആര്‍.ടി.സി. ആദ്യമായി ഇലക്ട്രിക് ബസ് പരീക്ഷിക്കുന്നു. 18 മുതല്‍ തിരുവനന്തപുരത്താണ് പരീക്ഷണയോട്ടം. സ്വന്തം ബസില്ലാത്തതിനാല്‍ വാടകയ്ക്കെടുത്ത് ഓടിക്കാനാണ് തീരുമാനം. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാകും കരാറിലേക്ക് കടക്കുക. ലാഭകരമാണെങ്കില്‍ 300 ബസുകള്‍ വാടകയ്ക്കെടുക്കാനാണ് പദ്ധതി. 1.6 കോടി രൂപയാണ് ഒരു ബസിന്റെ വില. ഇത് വാങ്ങാനുള്ള സാമ്പത്തികശേഷി സ്ഥാപനത്തിനില്ല. അതുകൊണ്ടാണ് വാടക ബസുകള്‍ പരിഗണിക്കുന്നത്. 

കണ്ടക്ടറും വൈദ്യുതിയും കെ.എസ്.ആര്‍.ടി.സി. നല്‍കും. കിലോമീറ്ററിന് നിശ്ചിതതുക വാടകയും നല്‍കും. ബസിന്റെ അറ്റകുറ്റപ്പണി കമ്പനി വഹിക്കണം. പരീക്ഷണയോട്ടത്തിനുള്ള 40 പുഷ്ബാക്ക് സീറ്റുകളുള്ള ബസ് കമ്പനി സൗജന്യമായാണ് നല്‍കുന്നത്. ബസിനുള്ളില്‍ നിരീക്ഷണ ക്യാമറയും ജി.പി.എസുമുണ്ട്. അടിക്കടിയുള്ള ഇന്ധന വിലവര്‍ധനയും പരിസ്ഥിതിമലിനീകരണവുമാണ് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലേക്ക് തിരിയാന്‍ കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. 

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സി.എന്‍.ജി. ബസുകള്‍ പരിഗണിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. വാങ്ങിയ സി.എന്‍.ജി. ബസ് കൊച്ചിയില്‍ ഓടിക്കുന്നുണ്ട്. ഇതിന് പ്രവര്‍ത്തനക്ഷമത കുറവാണെന്നാണ് വിലയിരുത്തല്‍. കയറ്റം കയറാന്‍ ബുദ്ധിമുട്ടാണ്. തുടക്കത്തിലുള്ള കുതിപ്പും കുറവാണ്. ഇലക്ട്രിക് ബസുകള്‍ക്ക് ഡീസല്‍ ബസുകള്‍ക്ക് തുല്യമായ വേഗവും കരുത്തുമുണ്ട്. മലിനീകരണവുമില്ല.  

നാലുമുതല്‍ അഞ്ചുമണിക്കൂര്‍കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ ഓടും. 80 കിലോമീറ്റര്‍ വേഗമാര്‍ജിക്കാം. ഡീസല്‍ ബസുകളെക്കാള്‍ ഇലക്ട്രിക് ബസുകള്‍  ലാഭകരമായിരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി പറഞ്ഞു. പ്രമുഖ ഇലക്ട്രിക് ബസ് നിര്‍മാതാവായ ഗോള്‍ഡ്‌സ്റ്റോണാണ് ഇ-ബസ് സംരംഭത്തില്‍  കെ.എസ്.ആര്‍.ടി.സി.യുടെ പങ്കാളി. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ചൈനീസ് നിര്‍മാതാവായ ബി.വൈ.ഡി.യുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍  നിര്‍മിക്കുന്നത്. 

Content Highlights; KSRTC Electric bus trial run from June 18