തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. വൈദ്യുതബസുകള്‍ കന്നിയാത്രയില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്ന് വഴിയിലായ സംഭവത്തില്‍ ബുധനാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് അന്വേഷണം നടത്തിയത്. ബസുകളുടെ ഷെഡ്യൂളുകളില്‍ തൊഴിലാളിനേതാക്കളുടെ സമ്മര്‍ദത്തിന് ഉന്നതഉദ്യോഗസ്ഥര്‍ വഴിപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. 

തിരുവനന്തപുരം-എറണാകുളം പാതയില്‍ അഞ്ച് സ്റ്റോപ്പുകള്‍മാത്രം അനുവദിച്ചുകൊണ്ട് കണ്ടക്ടര്‍മാരില്ലാതെ ബസ് ഓടിക്കാനായിരുന്നു തീരുമാനം. സ്റ്റോപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഇന്‍സ്പെക്ടര്‍മാര്‍ ടിക്കറ്റ് നല്‍കി യാത്രക്കാരെ കയറ്റും. പമ്പ-നിലയ്ക്കല്‍ പാതയില്‍ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടര്‍മാരില്ലാതെ ബസ് ഓടിക്കേണ്ടെന്നാണ് ചില സംഘടനകളുടെ നിലപാട്. ഇതിനെത്തുടര്‍ന്നാണ് ഒട്ടേറെ സ്റ്റോപ്പുകളും കണ്ടക്ടറുമായി വൈദ്യുതബസുകള്‍ ഓടിത്തുടങ്ങിയത്. 

ഓപ്പറേറ്റിങ്, സാങ്കേതിക വിഭാഗങ്ങള്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ലെന്നും ആരോപണമുണ്ട്. യാത്രാമധ്യേ ചാര്‍ജിങ് സൗകര്യം ഒരുക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. ബസുകള്‍ വഴിയിലായത് ഡ്രൈവര്‍മാരുടെ പരിചയക്കുറവ് കാരണമാണെന്നാണ് മാനേജ്മെന്റിന്റെ വാദം. ബസ് ആലുവവരെ എത്തേണ്ടതായിരുന്നു. ഡ്രൈവറുടെ പരിചയമില്ലായ്മ കാരണം കൂടുതല്‍ ചാര്‍ജ് നഷ്ടപ്പെട്ടതായി എം.ഡി. എം.പി. ദിനേശ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആക്ഷേപമുണ്ടായതിനെ തുടര്‍ന്ന് ഹരിപ്പാട്ടും എറണാകുളത്തും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights; KSRTC Electric Bus, Enquiry report submit today