തിരുവനന്തപുരം: ആദ്യമായി ഇലക്ട്രിക് ബസ് ഓടിയ നഗരമെന്ന പദവി തലസ്ഥാനത്തിനു സ്വന്തം. അന്തരീക്ഷം മലിനമാക്കുന്ന പുകവണ്ടികള്‍ ഏറെക്കാലം നിരത്തിലുണ്ടാകില്ല. വര്‍ധിക്കുന്ന അന്തരീക്ഷമലിനീകരണം ഇലക്ട്രിക് വാഹനങ്ങളിലേക്കു തിരിയണമെന്ന സന്ദേശമാണ് നല്‍കുന്നത്. ഭാവിയിലെ പൊതുവാഹനങ്ങള്‍ക്ക് വൈദ്യുതിയായിരിക്കും ഇന്ധനം. ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന നിമിഷത്തിനാണ് തിങ്കളാഴ്ച തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോ സാക്ഷിയായത്. പച്ചക്കൊടി വീശി മന്ത്രി എ.കെ.ശശീന്ദ്രന്‍ യാത്രാനുമതി നല്‍കിയതോടെ കന്നിയാത്രയ്ക്ക് ബസ് ഫുള്‍.

കാറിന്റെ യാത്രാസുഖവും സുരക്ഷിതത്വവും നല്‍കുന്നതാണ് ഇലക്ട്രിക് ബസുകള്‍. യാത്രാസുഖത്തിനു മുന്നിലും പിന്നിലും എയര്‍ സസ്പെന്‍ഷന്‍ ബക്കറ്റ് സീറ്റുകള്‍, ഓരോ കമ്പിയിലും സ്റ്റോപ്പ് ബട്ടണുകള്‍, പിടിച്ചുനില്‍ക്കാന്‍ ആവശ്യത്തിലേറെ ഹാങ്ങറുകള്‍, വെളിച്ചം പൊഴിച്ച് നിറയെ എല്‍.ഇ.ഡി. ലൈറ്റുകള്‍, കാറുകളെ അനുസ്മരിപ്പിക്കുന്ന ഉള്‍വശം, തള്ളിനില്‍പ്പില്ല.

നല്ല മാറ്റുവിരിച്ച ഫ്‌ളോര്‍, തെന്നിവീഴില്ലെന്നുറപ്പ്. പിന്നിലെ സീറ്റുകളിലേക്ക് എത്താന്‍ മൂന്നു പടികള്‍ താണ്ടണം. ഇതിന് അടിയിലാണ് ബസിലെ ചലിപ്പിക്കുന്ന മോട്ടോറുകളുള്ളത്. ഇവ പ്രവര്‍ത്തിക്കുന്നത് അറിയാന്‍ കഴിയില്ല. അത്ര നിശ്ശബ്ദമാണ്. മുകളിലുള്ള എ.സി.യുടെ മുരള്‍ച്ചപോലും ക്യാബിനുള്ളിലേക്ക് എത്തുന്നില്ല.

Electric BUS

ജന്റം ബസുകള്‍വഴി പരിചിതമായ ലോ ഫ്‌ളോറാണ്. അയാസമില്ലാതെ കയറാം. വീല്‍ച്ചെയര്‍ ഉള്ളിലേക്കു കയറ്റാന്‍ പുറത്തേക്ക് റാമ്പ് നീണ്ടുവരും. ന്യൂമാറ്റിക് ഡോറുകള്‍. നിയന്ത്രണം ഡ്രൈവറുടെ കൈയിലാണ്. ഡ്രൈവറുടെ സീറ്റിനു പിന്നില്‍ ഇരുവശത്തുമായുള്ള രണ്ട് ബോക്സുകളില്‍ ബാറ്ററികള്‍. ഇവയാണ് ബസിന്റെ ഇന്ധന ടാങ്ക്. ഗിയര്‍ ലിവര്‍ ഇല്ല. ഓട്ടോമാറ്റിക്കാണ്. 35 സീറ്റുകളാണുള്ളത്. കാറുകളില്‍ പരിചിതമായ ഡിസ്‌ക് ബ്രേക്കുകളാണ് ഇലക്ട്രിക് ബസിനുള്ളത്. തെന്നിമറിയാതിരിക്കാന്‍ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം. പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍. 80 കിലോ മീറ്ററായി വേഗം ക്രമീകരിച്ചിട്ടുണ്ട്. ബ്രേക്ക് ചെയ്യുമ്പോള്‍ തെന്നിമറിയില്ല. കാറുപോലെ ഒറ്റ ചട്ടക്കൂടിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്.

ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതിയാണ് ഇ-ബസിനു വേണ്ടത്. വൈദ്യുതി ബോര്‍ഡാണ് ഇന്ധനം നല്‍കുന്നത്. നിരക്ക് കുറവുള്ള സമയത്ത് ചാര്‍ജ് ചെയ്യാനാണ് പദ്ധതി. അഞ്ചു മണിക്കൂര്‍കൊണ്ട് ഫുള്‍ചാര്‍ജാകും. ഇതില്‍ 350 കിലോമീറ്റര്‍ ഓടും.

ഇലക്ട്രിക് ബസിന്റെ ഡ്രൈവര്‍ക്ക് മലയാളം അറിയില്ല. ബസ് വാടകയ്ക്കു നല്‍കിയ ഗോള്‍ഡ് സ്റ്റോണ്‍ കമ്പനിയുടേതാണ് ഡ്രൈവര്‍. തെലങ്കാന സ്വദേശിയാണ്. ഹിന്ദിയും ഇംഗ്ലീഷും വഴങ്ങും. 300 ബസുകള്‍ വാടകയ്‌ക്കെടുക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ പദ്ധതി.