ഡ്യൂട്ടിസമയത്ത് സമയോചിതമായ ഇടപെടലിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ കെ.രാജേന്ദ്രന് നാട്ടുകാര്‍ സ്‌നേഹനിര്‍ഭരമായ ആദരവു നല്‍കി. തിരക്കേറിയ ദേശീയപാതയില്‍ പന്തിനു പിന്നാലെ ഓടിയെത്തിയ കുഞ്ഞിനാണ് ഡ്രൈവറിന്റെ സമചിത്തതയോടെയുള്ള ഇടപെടല്‍ രക്ഷയായത്.
കഴിഞ്ഞ 29-ന് ഉദിയന്‍കുളങ്ങരയിലെ കടയില്‍നിന്ന് സൈക്കിള്‍ വാങ്ങാനെത്തിയ കുടുംബത്തിലെ രണ്ടു വയസ്സുകാരന്‍, ഒരു പന്തിന് പിറകേ ഓടി റോഡിലേക്കിറങ്ങിയപ്പോഴാണ് എതിര്‍ദിശയില്‍ കളിയിക്കാവിളയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ബസിന്റെ ഡ്രൈവര്‍ കെ.രാജേന്ദ്രന്‍ സഡന്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തി അപകടം ഒഴിവാക്കിയത്.
ഡ്രൈവര്‍ കെ.രാജേന്ദ്രനെ നാട്ടുകാരുടെയും കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍ നെയ്യാറ്റിന്‍കര യൂണിറ്റിന്റെയും നേതൃത്വത്തില്‍ സംഭവം നടന്ന സ്ഥലത്തുതന്നെ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു.ഡ്രൈവര്‍ കെ.രാജേന്ദ്രന് കെ.ആന്‍സലന്‍ എം.എല്‍.എ. സ്‌നേഹോപഹാരം സമ്മാനിച്ചു.
ശനിയാഴ്ച വൈകീട്ട് നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ഉദിയന്‍കുളങ്ങരയിലുള്ള കടയില്‍ സൈക്കിള്‍ വാങ്ങാനെത്തിയതായിരുന്നു രണ്ടു വയസ്സുകാരനും സഹോദരനും. കടയിലെത്തിയപ്പോള്‍ കുട്ടിയുടെ കൈയില്‍ പന്തുണ്ടായിരുന്നു. മാതാപിതാക്കള്‍ സൈക്കിള്‍ നോക്കിക്കൊണ്ടിരിക്കുന്നതിനിടെ, കുട്ടിയുടെ കൈയില്‍ കരുതിയിരുന്ന പന്ത് റോഡിലേക്കുരുണ്ടുപോയി.
പന്തെടുക്കുന്നതിനുവേണ്ടി പുറകേ പോയ രണ്ടു വയസ്സുകാരന്‍ എത്തപ്പെട്ടത് ദേശീയപാതയ്ക്കു നടുവില്‍. റോഡിനു നടുവില്‍ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ആര്‍ക്കും ഒന്നും ചെയ്യാനാകുന്നതിനു മുന്‍പ് കെ.എസ്.ആര്‍.ടി.സി. ബസ് എത്തി. എതിര്‍ദിശയില്‍ ബൈക്കും പാഞ്ഞുവന്നു. പക്ഷേ, കുട്ടിയുടെ അടുത്തെത്തിയ ബൈക്ക് മറുവശത്തുകൂടി കടന്നുപോയി.
ബസ് ഡ്രൈവര്‍ കുട്ടിയെക്കണ്ട് വാഹനം ബ്രേക്കിട്ടു നിര്‍ത്തി.മറ്റു വലിയ വാഹനങ്ങള്‍ കടന്നുവരാത്തതും കുട്ടിയെ ബസ് ഡ്രൈവര്‍ കാണാനിടയായതുമാണ് വലിയ അപകടം ഒഴിവാക്കിയത്. കടയിലെ നിരീക്ഷണക്യാമറയില്‍ പകര്‍ന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
Content Highlights: KSRTC Driver Save Two Year Old Child