തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് രാത്രി 10-ന് ശേഷമുള്ള ലോഫ്ളോര്‍ എ.സി.ബസ് സര്‍വീസുകളുടെ എണ്ണം കെ.എസ്.ആര്‍.ടി.സി. കുറയ്ക്കുന്നു, യാത്രക്കാരുടെ കുറവാണ് ബസുകളുടെ എണ്ണം ചുരുക്കുന്നതിന് കാരണം. തിരുവനന്തപുരത്തുനിന്ന് രാത്രി 10 കഴിഞ്ഞാല്‍ പിന്നെ പുലര്‍ച്ചെ നാല് മണിയോടെ മാത്രം കോഴിക്കോട്ടേക്ക് എ.സി. ലോഫ്ളോര്‍ ബസുകള്‍ അയച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ വഴിയും കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ വഴിയും 96 എ.സി. ലോഫ്ളോര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ 24 മണിക്കൂറും ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് ദിവസം മുഴുവന്‍ രണ്ട് റൂട്ടിലും എ.സി ബസുകള്‍ രണ്ടു ഭാഗത്തേക്കും പുറപ്പെടുന്നുണ്ട്. 

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി 10-ന് ശേഷം തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ലോഫ്ളോര്‍ എ.സി.ബസുകളില്‍ മൂന്നും നാലും യാത്രക്കാര്‍ വീതമേ ഉണ്ടായിരുന്നുള്ളൂ. ഇത് വന്‍ നഷ്ടമാണ് കോര്‍പ്പറേഷന് നല്‍കുന്നത്. 

അതേസമയം കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രികാല ലോഫ്‌ലോര്‍ ബസ് സര്‍വീസുകള്‍ തത്കാലം നിലവിലുള്ള രീതിയില്‍ തന്നെ തുടരും. കെ.എസ്.ആര്‍.ടി.സി. സംസ്ഥാന വ്യാപകമായി ഓപ്പറേറ്റുചെയ്യുന്ന സാധാരണ സര്‍വീസുകളുടെ എണ്ണം ദിനംപ്രതി കൂട്ടുന്നുണ്ട്. വരുമാനത്തിലും ആനുപാതിക വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 

ബുധനാഴ്ച 3000 സര്‍വീസുകളാണ് നടത്തിയത്. ചൊവ്വാഴ്ച ഇത് 2900 ആയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടങ്ങിയ സതേണ്‍ സോണില്‍ ബുധനാഴ്ച 1205 ബസുകള്‍ ഓപ്പറേറ്റുചെയ്തു. ദീര്‍ഘദൂര സര്‍വീസുകള്‍ മിക്ക ഡിപ്പോയില്‍നിന്നും ആരംഭിച്ചിട്ടുണ്ട്.

Content Highlights: KSRTC Cut Shot Night Low Floor Bus Service