ഉപയോഗശൂന്യമായ ബസുകളില്‍ കെ.എസ്.ആര്‍.ടി.സി. സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ ഒരുക്കുന്നു. ബസ് സ്റ്റാന്‍ഡുകളുടെ സമീപത്ത് ഇവ നിര്‍ത്തിയിട്ടായിരിക്കും വില്‍പ്പന. കൂടുതല്‍ വാടക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് ബസുകള്‍ നല്‍കും. വനിതാവികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ, ഇന്ത്യന്‍ കോഫിഹൗസ് തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന.
കോവിഡ് കാലം മാറുമ്പോള്‍ സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ നിരത്തിലെത്തും. പഴയ ബസുകളില്‍ രൂപമാറ്റംവരുത്താന്‍ മെക്കാനിക്കുകളെ നിയോഗിച്ചിട്ടുണ്ട്. 500ല്‍ അധികം പഴഞ്ചന്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്.
പഴയ ഇരുമ്പുവിലയ്ക്ക് ഇവ പൊളിച്ചുവില്‍ക്കുകയാണ് പതിവ്. 75,000 രൂപയില്‍ കൂടുതല്‍ കിട്ടില്ല. വലിച്ചുകൊണ്ടുപോകാവുന്ന വിധത്തില്‍ ബസുകള്‍ സജ്ജീകരിച്ചാല്‍ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നീക്കംചെയ്യാം. റേഡിയേറ്റര്‍, ആക്‌സില്‍, ഗിയര്‍ബോക്‌സ് എന്നിവ മറ്റു ബസുകളില്‍ ഉപയോഗിക്കാം. ഫുഡ് കോര്‍ട്ടുകള്‍ വിന്യസിക്കാന്‍ ഒരു ഡ്രൈവറെ നിയോഗിച്ചാലും ലാഭകരമാണെന്നാണ് നിഗമനം.
പല ബസ് സ്റ്റാന്‍ഡുകളിലും ആവശ്യത്തിലധികം സ്ഥലമുണ്ട്. ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്‍ സഞ്ചരിക്കുന്ന ഫുഡ്‌കോര്‍ട്ടുകള്‍ മാറ്റിയിടാനും കഴിയും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയുടെ ഒരുവശം മതില്‍കെട്ടാന്‍ ചിലര്‍ തടസ്സം നില്‍ക്കുന്നുണ്ട്. പഴയബസുകള്‍ ഇട്ടാണ് ഇവിടെ മറതീര്‍ത്തിട്ടുള്ളത്. ഇവ കടകളാക്കിമാറ്റി വാടകയ്ക്കു കൊടുക്കാനാണ് തീരുമാനം. ബസുകളിലെ കടകളും നിലവില്‍വരും.
ഒരുബസ് 20 വര്‍ഷം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, 13 വര്‍ഷത്തില്‍ക്കൂടുതല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വാഴാറില്ല. പത്തുവര്‍ഷം പഴക്കമുള്ള ബസുകള്‍വരെ പൊളിക്കാന്‍ അനുമതിതേടിയത് വിവാദമായിരുന്നു. ഇതേക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ ഇപ്പോള്‍ ഓര്‍ഡിനറി സര്‍വീസിനാണ് ഉപയോഗിക്കുന്നത്.
Content Highlights: KSRTC Convert Old Buses As Mobile Food Court