'അവിടെ കല്യാണം, ഇവിടെ കട്ടപ്പുറം...' കെ.എസ്.ആര്‍.ടി.സി.യുടെ അവസ്ഥയിപ്പോള്‍ ഇതാണ്. എല്‍.എന്‍.ജി. ബസ് ആഘോഷത്തോടെ ഓട്ടം തുടങ്ങിയപ്പോള്‍ സി.എന്‍.ജി. ബസ് കട്ടപ്പുറത്തായി...! എറണാകുളം ഡിപ്പോയില്‍നിന്ന് ഹൈറേഞ്ച് പരീക്ഷണത്തിനായി കട്ടപ്പനയിലേക്ക് പോയ സി.എന്‍.ജി. ബസാണ് കയറ്റം കയറാനാകാതെ കിതച്ചത്. ഒടുവില്‍ ഞെരങ്ങിയും മൂളിയും എറണാകുളത്തെത്തിയ വണ്ടിയെ 'ശസ്ത്രക്രിയ'യ്ക്കായി കോട്ടയത്ത് പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സി.യുടെ ഭാവിതന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നതാണ് പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.), ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി.) ബസുകള്‍. ഇതില്‍ എല്‍.എന്‍.ജി. ബസുകള്‍ കഴിഞ്ഞ ദിവസം ആഘോഷമായി സര്‍വീസ് തുടങ്ങിയതിനു പിന്നാലെയാണ് സി.എന്‍.ജി. ബസ് ഹൈറേഞ്ച് പരീക്ഷണം പാളി കിടപ്പിലായത്. എറണാകുളം ഡിപ്പോയില്‍നിന്നാണ് സി.എന്‍.ജി. ബസിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. 

തിങ്കളാഴ്ച രാവിലെ കട്ടപ്പനയ്ക്കു പോയ ബസ് പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെയുള്ള കയറ്റത്തില്‍ കിതച്ചുനിന്നു. പിന്നെ അല്പദൂരം കയറ്റം കയറി ക്ഷീണം തീര്‍ത്ത് പിന്നെയും കയറി കുട്ടിക്കാനം വരെ എത്തിച്ചു. ഒരുവിധത്തില്‍ കട്ടപ്പനയില്‍നിന്ന് എറണാകുളത്തെത്തിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും സര്‍വീസ് തുടങ്ങി പൊന്‍കുന്നത്ത് എത്തിയപ്പോഴേക്കും വണ്ടിയുടെ 'ഗ്യാസ്' പോയി! യാത്രക്കാരെ മറ്റൊരു ബസിലാണ് കട്ടപ്പനയില്‍ എത്തിച്ചത്.  പരീക്ഷണം പാളിയതോടെ ബസ് കോട്ടയത്തെ സര്‍വീസ് സെന്ററിലേക്ക് മാറ്റി. കേടുപാട് പരിഹരിച്ച ശേഷമേ ഇനി സി.എന്‍.ജി. സര്‍വീസിനെത്തൂ. 

കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പക്ഷേ, പരീക്ഷണ ഓട്ടം പാളിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എല്‍.എന്‍.ജി.യിലേക്കും സി.എന്‍.ജി.യിലേക്കും മാറ്റുമെന്ന്, എല്‍.എന്‍.ജി. ബസ് സര്‍വീസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

സി.എന്‍.ജി. പോലെ എല്‍.എന്‍.ജി. ബസുകളും ഹൈറേഞ്ച് പരീക്ഷണം നടത്തിയ ശേഷമേ കൂടുതല്‍ ബസുകള്‍ വാങ്ങാവൂ എന്നാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പറയുന്നത്. ഡീസല്‍ ബസുകളില്‍ 15 വര്‍ഷം കഴിഞ്ഞവ പോലും ഏതു കയറ്റവും കയറുമെന്നിരിക്കേയാണ് സി.എന്‍.ജി. കിതയ്ക്കുന്നതെന്നാണ് ആരോപണം.

തകരാര്‍ വ്യക്തമല്ല

ബസ് കയറ്റം കയറുന്നതില്‍ ചില പ്രശ്‌നങ്ങള്‍ കാണിച്ചു. അതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിയത്. എന്താണ് തകരാര്‍ എന്ന് വ്യക്തമല്ല. സി.എന്‍.ജി.യിലേക്ക് ബസ് മാറ്റിയ സ്വകാര്യ കമ്പനിയെ വിവരമറിയിച്ചിട്ടുണ്ട്. അവര്‍ പരിശോധിക്കുകയും കേടുപാട് തീര്‍ത്തുതരികയും ചെയ്യുമെന്നാണ് പ്രതീക്ഷ.

- എന്‍ജിനീയറിങ് വിഭാഗം, കെ.എസ്.ആര്‍.ടി.സി., എറണാകുളം

Content Highlights: KSRTC CNG Bus Damaged, Ernakulam-Kattappana CNG Bus Service