വിദേശരാജ്യങ്ങളില്‍ മാത്രം പരിചിതമായ സര്‍ക്കുലര്‍ ബസ് സര്‍വീസ് തലസ്ഥാനത്തും തുടങ്ങിയതിന്റെ സന്തോഷത്തിലാണ് നഗരത്തിലെ വ്യാവസായിക സാംസ്‌കാരിക പ്രമുഖര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കും സിനിമാ ചിത്രീകരണത്തിനുമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ പൊതുഗതാഗതസൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്തവരാണ് സിറ്റി സര്‍ക്കുലറില്‍ യാത്രചെയ്യാനെത്തിയത്.

ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ്, നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു, ഇ.എം.നജീബ്, ആര്‍ക്കിടെക്ട് എന്‍.മഹേഷ്, ടി.എ.ടി.എഫ്. സെക്രട്ടറി കെ.ശ്രീകാന്ത് എന്നിവരാണ് യാത്രികരായത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിങ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ എന്നിവരും ബസിലുണ്ടായിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ചേംബര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ഇവര്‍ കനകക്കുന്നിനു മുന്നില്‍നിന്നും ബസില്‍ കയറിയത്. എല്ലാവരും 50 രൂപയുടെ ഗുഡ്ഡേ ടിക്കറ്റ് എടുക്കുകയും ചെയ്തു. നഗരത്തിന് ഇത്തരം സര്‍വീസുകള്‍ അനിവാര്യമാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള ഇവിടെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ജീവനക്കാര്‍ക്കും ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും. മെട്രോ ഇല്ലാത്ത തലസ്ഥാന നഗരത്തിന്റെ മെട്രോ സര്‍വീസാണ് ഇതെന്നും രാജു പറഞ്ഞു.

KSRTC
സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ ബസുകളിലൊന്ന് | ഫോട്ടോ: മാതൃഭൂമി

ഇളവുകളുമായി കെ.എസ്.ആര്‍.ടി.സി.

സിറ്റി സര്‍ക്കുലര്‍ ബസില്‍ കൂടുതല്‍ ഇളവുകളുമായി കെ.എസ്.ആര്‍.ടി.സി. 10 രൂപ ടിക്കറ്റില്‍ ഒരു സര്‍ക്കിളിലെ യാത്ര പൂര്‍ത്തീകരിക്കാം. തിങ്കളാഴ്ച മുതല്‍ ജനുവരി 15 വരെ ഇളവ് ലഭിക്കും. ഓരോ ട്രിപ്പിലും മിനിമം നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസണ്‍ എന്നിവ മുന്‍നിര്‍ത്തിയാണ് സര്‍ക്കുലര്‍ യാത്രയ്ക്ക് 10 രൂപ മാത്രം ഈടാക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കിയത്.

10 രൂപയില്‍ തുടങ്ങി 30 വരെയായിരുന്നു സര്‍ക്കുലര്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയിരുന്നത്. അതേസമയം 50 രൂപയുടെ ഗുഡ്ഡേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എല്ലാ സര്‍ക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതല്‍ 24 മണിക്കൂര്‍ സമയം യാത്ര ചെയ്യാനാകും.

Content Highlights: KSRTC city circular service, KSRTC Bus, KSRTC bus service, City Service, Maniyanpilla Raju