കൊച്ചി: മൂന്നു നഗരങ്ങളില്‍ ഓടിക്കാനായി 1500 ഇലക്ട്രിക് ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫെയിം പദ്ധതിയുടെ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) മാനദണ്ഡങ്ങള്‍ മനസ്സിലാക്കാതെ ടെന്‍ഡര്‍ വിളിച്ചതിനെത്തുടര്‍ന്നാണിത്. ഫെയിം പദ്ധതിയില്‍ ഉള്‍പ്പെട്ടശേഷം മാത്രമേ ടെന്‍ഡര്‍ വിളിക്കാവൂ എന്നായിരുന്നു ചട്ടം.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് ഇലക്ട്രിക് ബസുകള്‍ പാട്ടത്തിനെടുക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിട്ടിരുന്നത്. ഓരോ ജില്ലയ്ക്കും 500 ബസുകള്‍ എന്ന കണക്കില്‍ 1500 ബസുകള്‍ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. കെ.എസ്.ആര്‍.ടി.സി.യുടെ കീഴില്‍ നേരത്തേ ഇലക്ട്രിക് ബസുകള്‍ ഓടിച്ചിരുന്നെങ്കിലും സര്‍വീസ് ഇനിയും കാര്യക്ഷമമായിട്ടില്ല.

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകള്‍ക്കായി കേന്ദ്രം 250 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 100 ബസുകള്‍ വീതവും കോഴിക്കോടിന് 50 ബസുമാണ് ലഭിക്കുക. ഇതിന് പണം കിട്ടണമെങ്കില്‍ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെ.എസ്.ആര്‍.ടി.സി. പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടിവരും.

വീണ്ടും ടെന്‍ഡര്‍ വിളിക്കും 

ഫെയിമിലുള്‍പ്പെടുത്തി 250 ബസുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ വ്യക്തമായാല്‍ കേന്ദ്രം നിര്‍ദേശിക്കുന്നതനുസരിച്ച് പുതിയ ടെന്‍ഡര്‍ വിളിക്കും. ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നയരൂപവത്കരണമെല്ലാം നടത്തേണ്ടത് സര്‍ക്കാരാണ്. - എംപി ദിനേശ്, കെഎസ്ആര്‍ടിസി എംഡി

Content HIghlights; ksrtc cancelled tender for 1500 electric bus, 250 electric ksrtc bus coming soon, kerala state road transport corporation cancelled electric bus tender