ദീര്‍ഘദൂരയാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളില്ലെന്ന പരാതിയും കെ.എസ്.ആര്‍.ടി.സി. പരിഹരിക്കുന്നു. അത്യാധുനിക ശ്രേണിയിലുള്ള എട്ട് സ്ലീപ്പര്‍ ബസുകളാണ് 11.08 കോടി രൂപ വിനിയോഗിച്ച് വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി. നവീകരണത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച അമ്പത് കോടി രൂപയില്‍നിന്ന് 44.64 കോടി രൂപയാണ് അത്യാധുനിക ശ്രേണിയിലുള്ള നൂറ് ബസുകള്‍ വാങ്ങുന്നതിന് ഉപയോഗിക്കുന്നത്.

എട്ട് സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളാണ് കെ.എസ്.ആര്‍.ടി.സി. വാങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ആദ്യഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണ് ശ്രമം. തുടര്‍ന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവന്‍ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി. തുടങ്ങിയവയിലെ ആധുനിക ബി.എസ്. സിക്സ് ബസുകളാണ് കെ.എസ്.ആര്‍.ടി.സി.യിലേക്ക് പുതിയതായി എത്തുന്നത്. ഇതോടെ ദീര്‍ഘദൂരയാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനുമാകും.

ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകള്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കൂടുതല്‍ ലഗേജ് സ്പെയ്സ്, വൈഫൈ തുടങ്ങിയവയും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. 

നിലവില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്ന ബസുകള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ പഴക്കമുണ്ട്. 12 വോള്‍വോ, 17 സ്‌കാനിയ, 135 സൂപ്പര്‍ ഡീലക്സ്, 53 എക്‌സ്പ്രസ് ബസുകളാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നത്.

Content Highlights: KSRTC Buying 100 New Buses For Long Route Services