വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ബസുകളില്‍ അന്തിയുറങ്ങാനുള്ള പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ടൂറിസം, വനംവകുപ്പുകളുടെ സഹകരണത്തോടെ ബസുകളില്‍ കാരവന്‍ ടൂറിസം ആരംഭിക്കാനാണ് നീക്കം. പഴയബസുകളാണ് കാരവാനുകളാക്കുന്നത്.

പൊതുജനങ്ങളുമായി കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജുപ്രഭാകര്‍ ഗൂഗിള്‍ മീറ്റിലൂടെ നടത്തിയ സംവാദത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കും. ബസുകളുടെ വരവുംപോക്കും അറിയാന്‍ ജി.പി.എസ്. സജ്ജീകരിക്കും.

സ്ഥിരയാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടിയാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ബസുകള്‍ ക്രമീകരിക്കുമെന്നും ബിജുപ്രഭാകര്‍ പറഞ്ഞു. ബസുകളിലെ ഭക്ഷ്യവിതരണശൃംഖലയായ ഫുഡ്ഓണ്‍ വീല്‍സ് വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബസുകളില്‍ ഭക്ഷണവിതരണസ്റ്റാളുകള്‍ സജ്ജീകരിക്കുന്ന ഫുഡ്ഓണ്‍ വീല്‍സ് സജ്ജമായി. ഓടിക്കാന്‍കഴിയാത്ത ബസുകള്‍ സ്റ്റാളുകളാക്കി സ്റ്റാന്‍ഡുകളില്‍ സ്ഥാപിക്കും. ഓടിക്കാന്‍കഴിയുന്നവ സഞ്ചരിക്കുന്ന കഫറ്റേരിയകള്‍ ആക്കും.

Content Highlights: KSRTC Buses Modified As Caravan To Promote Tourism