വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കി. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ആ തുക യാത്രക്കാരനു തിരിച്ചുനല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. 

ആലുവ സ്വദേശി അഡ്വ. റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീദേവി എന്നിവര്‍ അടങ്ങുന്ന ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പരാതി. 

കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട്. ഗുണനിലവാരമില്ലാത്ത പേപ്പറിലുള്ള ടിക്കറ്റുകള്‍ സേവനത്തിലെ വീഴ്ചകളെക്കുറിച്ച് പരാതി പറയുന്നതിന് തടസ്സമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. 

ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാരനെ ഫോണില്‍ വിളിച്ചെന്ന് തെളിയിക്കാന്‍ എതിര്‍കക്ഷിക്ക് കഴിഞ്ഞില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. യാത്രക്കൂലിയായി കെ.എസ്.ആര്‍.ടി.സി. ഈടാക്കിയ 931 രൂപയാണ് 30 ദിവസത്തിനകം തിരിച്ചു നല്‍കേണ്ടത്.