കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി. നിര്‍ത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉള്‍നാടന്‍ റൂട്ടുകളില്‍ സ്‌കൂള്‍, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകള്‍ മോശമാണ്. അതിരാവിലെയും രാത്രിയിലും വരുമാനം മോശമാകും. 

ഈ സമയത്ത് ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ഓടാത്ത നിലയാകും ഇനിവരുക. ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കുമ്പോള്‍ രാവിലെ തുടങ്ങുന്ന ബസുകള്‍ വൈകീട്ടോടെ സര്‍വീസ് അവസാനിപ്പിക്കേണ്ടിവരും. വരുമാനം കുറയുകയോ യാത്രക്കാര്‍ക്ക് പ്രയാസം നേരിടുകയോ ചെയ്താല്‍ ഉത്തരവാദിത്വം ജീവനക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

ട്രിപ്പ് റദ്ദാക്കുകയും യാത്രക്കാര്‍ പരാതിപ്പെടുകയും ചെയ്താല്‍ ജീവനക്കാര്‍ ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കുമെന്ന സംശയം ബാക്കിയാണ്. കോവിഡ് ഇളവുവന്ന സാഹചര്യത്തിലും ബസ് കുറവുള്ള റൂട്ടിലും യാത്രികരെ നിര്‍ത്തി കൊണ്ടുപോകാന്‍ വിമുഖത കാട്ടരുത്. എം.ഡി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതടക്കം തീരുമാനങ്ങള്‍ എടുത്തത്.

നിര്‍ദേശങ്ങള്‍ ഇവ

  • ദിവസവും യൂണിറ്റ് യോഗം ചേര്‍ന്ന് തലേന്നത്തെ ഷെഡ്യൂളുകളുടെ ലാഭനഷ്ടക്കണക്ക് നോക്കണം. പോരായ്മ തിരുത്തണം.
  • ജീവനക്കാരുടെയും ബസിന്റെയും അഭാവം സര്‍വീസുകള്‍ മുടങ്ങുന്നതിനോ സമയംതെറ്റി ഓടുന്നതിനോ കാരണമാകരുത്.
  • ലാഭകരമായ റൂട്ടുകള്‍ കണ്ടെത്തണം. ഓര്‍ഡിനറി ബസുകളുടെ ഷെഡ്യൂള്‍ പുനഃക്രമീകരണം യൂണിറ്റ് അധികാരിക്ക് നടത്താം.
  • കിലോമീറ്ററിന് 25 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള ട്രിപ്പുകളില്ലെന്നും ഷെഡ്യൂളിന് 35 രൂപ എങ്കിലും കിലോമീറ്റര്‍ വരുമാനം ലഭിക്കുന്നെന്നും യൂണിറ്റധികാരി ഉറപ്പാക്കണം.
  • സാമൂഹികപ്രതിബദ്ധതയോടെ കെ.എസ്.ആര്‍.ടി.സി. മാത്രം ഓടുന്നതും ആദിവാസിമേഖല പോലെയുള്ളതുമായ 25 രൂപയില്‍ താഴെ കിലോമീറ്റര്‍ വരുമാനം വരുന്നതുമായ സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ കൃത്യതയോടെ ഓപ്പറേറ്റ് ചെയ്യണം.

Content Highlights: KSRTC Bus Service, KSRTC Bus Collection, KSRTC Night Service, KSRTC