കോവിഡ് വ്യാപനമേറുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് താങ്ങാകാന്‍ കെ.എസ്.ആര്‍.ടി.സി.യും. ജീവന്‍രക്ഷാമരുന്നുകളും ഓക്‌സിജനും എത്തിക്കാന്‍ ഡ്രൈവര്‍മാരുടെ സേവനം നല്‍കാന്‍ കോര്‍പ്പറേഷന്‍ നടപടിതുടങ്ങി. സംസ്ഥാനത്ത് വീടുകളില്‍ ചികിത്സയിലുള്ള കിടപ്പുരോഗികള്‍ക്കും ഓക്‌സിജന്‍ എത്തിക്കാന്‍ സംവിധാനമൊരുക്കുന്നുണ്ട്. മരുന്നും ലഭ്യതയനുസരിച്ച് വിവിധ ജില്ലകളില്‍ എത്തിക്കണം. 

പ്രതിരോധനടപടികള്‍ക്ക് താമസം നേരിടാതിരിക്കാന്‍ വാഹനങ്ങളുടെ ആവശ്യമുണ്ട്. നിലവില്‍ സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരടക്കം കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്. ഇത് ഒഴിവാക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ തയ്യാറെടുപ്പ്.

പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് മരുന്നും ഓക്‌സിജന്‍ സിലിന്‍ഡറുകളും തിരുവനന്തപുരത്ത് എത്തിക്കാന്‍ സേവനസന്നദ്ധരായ ഡ്രൈവര്‍മാരുടെ പട്ടിക യൂണിറ്റ് തലത്തില്‍ അടിയന്തരമായി തയ്യാറാക്കിനല്‍കാന്‍ മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ചൊവ്വാഴ്ച രാവിലെ ഡിപ്പോകളിലെത്തി. 

സന്നദ്ധരായ ഡ്രൈവര്‍മാരുടെ വിവരം യൂണിറ്റ് ഓഫീസര്‍മാര്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറും. സേവനസജ്ജരായി നൂറുകണക്കിനുപേര്‍ ഇതിനകം രംഗത്തെത്തി. പല ഡിപ്പോകളില്‍നിന്നും 40 പേര്‍വരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലക്കാട് 35 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിക്കാന്‍ ഇവരെ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

Content Highlights: KSRTC Bus, KSRTC Drivers, Oxygen Vehicle, Covid Second Wave