കെ.എസ്.ആര്‍.ടി.സി. സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കു താമസസൗകര്യം നല്‍കുന്നതു പരിഗണനയില്‍. നിലവില്‍ മൂന്നാറില്‍മാത്രമാണ് കെ.എസ്.ആര്‍.ടി.സി.യുെട ബസില്‍ യാത്രക്കാര്‍ക്ക് അന്തിയുറക്കത്തിനു സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണു തീരുമാനം.

ഇതിനായി പഴക്കംചെന്ന ബസുകള്‍ നവീകരിച്ച് ഉപയോഗിക്കും. ഇവയില്‍ ആയിരത്തിലധികം കിടക്കകള്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി ഒരുക്കും. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തില്‍ ഭക്ഷണം നല്‍കുന്നതും പരിഗണനയിലാണ്.

ഏകദിന ഉല്ലാസയാത്രകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. മൂന്നാറും മലക്കപ്പാറയും കേന്ദ്രീകരിച്ചാണ് ഈ യാത്രകള്‍. മറ്റുകേന്ദ്രങ്ങളില്‍ ഉറങ്ങാനുള്ള സൗകര്യംകൂടി നല്‍കി ഇതു വിപുലമാക്കാനാണു ശ്രമം. കെ.എസ്.ആര്‍.ടി.സി.യില്‍ രൂപവത്കരിച്ച ബജറ്റ് ടൂറിസം സെല്ലാണു പദ്ധതി നടപ്പാക്കുന്നത്. ബസില്‍ സഞ്ചരിച്ചു കായലും കടലും കാണാനുള്ള ട്രിപ്പുകളും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും അഭിപ്രായം തേടുകയാണ് ടൂറിസം സെല്‍. അതിനുശേഷം പാക്കേജും സ്ഥലങ്ങളും പ്രഖ്യാപിക്കും.

പുരവഞ്ചിയും തീവണ്ടിയും വിമാനത്താവളങ്ങളും കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജും ആലോചനയിലാണ്. ഗവി, വാഗമണ്‍, തേക്കടി എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയായിരിക്കും ഇതില്‍ പ്രധാനം. പെന്‍മുടിയും വയനാടും കേന്ദ്രീകരിച്ചും പ്രത്യേക പാക്കേജ് തയ്യാറാക്കും. ആലപ്പുഴയില്‍ കുട്ടനാട് കേന്ദ്രീകരിച്ചായിരിക്കും വിനോദസഞ്ചാരയാത്രയൊരുക്കുക.

Content Highlights: KSRTC Bus, KSRTC Bus Service To Tourism Destinations