കെ.എസ്.ആര്‍.ടി.സി. ബസിലെ സ്ഥിരം യാത്രക്കാരിയായ അധ്യാപികയ്ക്ക് വിരമിക്കുന്ന ദിവസം ബസില്‍ യാത്രയയപ്പ് സമ്മേളനം. പുനലൂര്‍ സെയ്ന്റ് ഗോരേറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക മേഴ്‌സി ജോര്‍ജിനാണ് സഹയാത്രക്കാരും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്.

ചങ്ങനാശ്ശേരി -തിരുനെല്‍വേലി ബസിലെ സ്ഥിരം യാത്രക്കാരിയാണ് സ്‌കൂളിലെ യു.പി. വിഭാഗം ഹിന്ദി അധ്യാപികയായ മേഴ്‌സി. വെണ്‍മണി ചാങ്ങമല സ്വദേശിനിയായ ഇവര്‍ അഞ്ചുവര്‍ഷമായി ഇതേ ബസിലെ യാത്രക്കാരിയാണ്. കുളനടയില്‍നിന്നാണ് ഇവര്‍ സ്ഥിരം ബസില്‍ കയറാറുള്ളതെന്ന് കണ്ടക്ടര്‍ വി.എ.ജോബ് വിരുത്തികരി പറഞ്ഞു. 

യാത്രക്കാരെല്ലാം തമ്മില്‍ വലിയ സ്‌നേഹമാണ്. ഇവര്‍ക്കായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. ചങ്ങനാശ്ശേരിയില്‍നിന്ന് യാത്ര തുടങ്ങുമ്പോള്‍ മുതല്‍ വാട്‌സ് ആപ്പില്‍ സ്ഥലം അപ്‌ഡേറ്റ് ചെയ്യും. ഇത് പിന്നീട് കയറുന്ന സ്ഥിരം യാത്രക്കാര്‍ക്ക് വലിയ സഹായമാണ്. 

ദീര്‍ഘദൂര ബസായതിനാല്‍ ഏറെയും സ്ഥിരം യാത്രക്കാരാണെന്ന് ജോബ് പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ റിജു റഹിം സഹയാത്രക്കാരായ രാജേഷ് ജി.കൃഷ്ണ, അജി ചെറിയാന്‍, ലില്ലി ടീച്ചര്‍, ടിന്റു, ഹരിത, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: KSRTC Bus Employees And Co Passengers Give Farewell To Retired Teacher