കെ.എസ്.ആര്‍.ടി.സി. ദിവസവരുമാനം ഏഴുകോടി രൂപയായി ഉയര്‍ത്താന്‍ സി.ഐ.ടി.യു. സംഘടിപ്പിച്ച ബസ് ഡേയില്‍ വരുമാനം കൂപ്പുകുത്തി. ശരാശരി ദിവസവരുമാനം ആറരക്കോടി രൂപയായിരുന്നെങ്കില്‍ ദിനാചരണത്തില്‍ കിട്ടിയത് 5.56 കോടിമാത്രം. 

ദിവസവരുമാനം ഒരു കോടി രൂപയോളം കുറഞ്ഞു. പരിപാടി വിജയിപ്പിക്കാന്‍ ഇടതുപക്ഷസര്‍വീസ് സംഘടനകള്‍ പ്രചാരണം നടത്തിയിട്ടും ഫലപ്രദമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സര്‍ക്കാര്‍ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും ഫെബ്രുവരി 20-ന് കെ.എസ്.ആര്‍.ടി.സി.യില്‍ യാത്രചെയ്യാന്‍ ഇടതുസംഘടനകള്‍ അഭ്യര്‍ഥിച്ചിരുന്നു. കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്റെ നിവേദനം അംഗീകരിച്ച് മാനേജ്മെന്റും ബസ് ഡേ ദിനാചരണം ഔദ്യോഗികമായി ഏറ്റെടുത്തു. വരുമാനം കൂടുന്നവിധത്തില്‍ ബസുകള്‍ ക്രമീകരിക്കാന്‍ എം.ഡി. എം.പി. ദിനേശ് പ്രത്യേക നിര്‍ദേശവും നല്‍കി.

ജനുവരിയില്‍ ദിവസേന ആറരക്കോടിയും വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ഏഴേകാല്‍ കോടിരൂപയും വരുമാനം ലഭിച്ചിരുന്നു. നാലായിരം എംപാനല്‍ഡ് കണ്ടക്ടര്‍മാരെ ഒഴിവാക്കിയതുകാരണം ദിവസം 700 ബസുകള്‍ മുടങ്ങിയിട്ടും ആറരക്കോടി ശരാശരി വരുമാനംനേടാന്‍ നേരത്തേ സാധിച്ചു. 

ബസ് ഷെഡ്യൂളുകള്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായവിധം ക്രമീകരിച്ചാണ് വരുമാനം നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് എം.ഡി.യായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റിയശേഷം വരുമാനം കുത്തനെ ഇടിഞ്ഞു.

തച്ചങ്കരി മാറിയതോടെ ഷെഡ്യൂളുകള്‍ യൂണിയന്‍ നേതാക്കള്‍ക്ക് സൗകര്യപ്രദമായ വിധം ക്രമീകരിച്ചു. ഇതോടെ വരുമാനം ഇടിഞ്ഞു. കഴിഞ്ഞദിവസത്തെ ഹര്‍ത്താല്‍ വടക്കന്‍മേഖലയിലെ ദീര്‍ഘദൂര ബസുകളെ ബാധിച്ചതാണ് വരുമാനം ഇടിയാന്‍ കാരണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

ലക്ഷ്യം സ്വീകാര്യത വര്‍ധിപ്പിക്കല്‍

ബസ് ഡേയിലൂടെ ഒരുദിവസത്തെ വരുമാനവര്‍ധനയല്ല ലക്ഷ്യമിടുന്നത്. 100 ദിവസത്തെ കര്‍മപദ്ധതിക്കാണ് തുടക്കമായത്. കഴിഞ്ഞ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലഭിച്ചതിനേക്കാള്‍ യാത്രക്കാരെ ഇത്തവണ കിട്ടി. പൊതുസമൂഹത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

- കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു.) സംസ്ഥാന നേതൃത്വം

content highlights: KSRTC Bus Day Celebration, CITU, Income Decrease