സുകളില്‍ വേണ്ടത്ര വൃത്തിയില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. വൃത്തിക്കുറവുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചുമതലയുള്ള ഗാരേജുകളിലെ ജീവനക്കാര്‍ക്ക് 'പണി' കൊടുക്കാനാണ് തീരുമാനം. യാത്രക്കാരെ കൂടാതെ, ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പരാതികള്‍ അറിയിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

ബസുകള്‍ കഴുകി വൃത്തിയാക്കിയേ സര്‍വീസ് നടത്താവൂ എന്ന് കെ.എസ്.ആര്‍.ടി.സി. സി.എം.ഡി.യുടെ ഉത്തരവുണ്ട്. എന്നാല്‍, പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഡിപ്പോകളില്‍ ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തുനിന്നുള്ളവരാണ്. 

പലരും മുന്നിലെ ചില്ല് നന്നായി കഴുകിയശേഷം ബസാകപ്പാടെ നനച്ച് ജോലി അവസാനിപ്പിക്കും. ഗാരേജ് അധികാരികള്‍ ഇത് കണ്ടില്ലെന്നും നടിക്കും. ചെറിയ ഡിപ്പോകളിലും മറ്റും വാഹനങ്ങള്‍ കുറവായതിനാല്‍ ഭേദപ്പെട്ട രീതിയില്‍ കഴുകാറുണ്ട്. എന്നാല്‍, വലിയ ഡിപ്പോകളില്‍ ബസുകള്‍ കൂടുതലായതിനാല്‍ കഴുകല്‍ ചടങ്ങിലൊതുങ്ങും.

ബസിന്റെ പ്ലാറ്റ്ഫോം, സീറ്റുകള്‍, ജനല്‍ ഷട്ടര്‍, ഡ്രൈവറുടെ ക്യാബിന്‍, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരില്‍നിന്ന് പരാതി ഉയരാന്‍ കാരണം. ഇനിമുതല്‍ ഇത്തരത്തില്‍ ഫോട്ടോ, വീഡിയോ അടക്കമുള്ള തെളിവുകള്‍ സഹിതം പരാതി ലഭിച്ചാല്‍ ഗാരേജ് അധികാരിക്കെതിരേയും ചുമതലപ്പെട്ട ജീവനക്കാര്‍ക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

Content Highlights: KSRTC Bus, Bus Cleaning, KSRTC Bus Cleaning, Clean Bus