കാലിയടിച്ചുപോകുമ്പോഴും കൈകാണിച്ചാല്‍ നിര്‍ത്തില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി.യെക്കുറിച്ച് പണ്ടുള്ള പരാതി. എന്നാല്‍ ഇക്കുറി ഒരു യാത്രക്കാരനെ അന്വേഷിച്ച് അഞ്ച് കിലോമീറ്ററോളം തിരിച്ചോടി. കെ.എസ്.ആര്‍.ടി.സി. ചരിത്രത്തില്‍ ഇടംപിടിച്ചു. ഒരാഴ്ച മുന്‍പാണ് സംഭവം. ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസാണ് വലിയ 'ഉത്തരവാദിത്വ' മാതൃക കാണിച്ചത്. 

ബെംഗളൂരുവില്‍നിന്ന് മൈസൂരു, വീരാജ്പേട്ട, ഇരിട്ടി, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന സൂപ്പര്‍ എക്സ്പ്രസ് ബസ് ഇരിട്ടിയില്‍ എത്തിയപ്പോള്‍ ഏച്ചൂര്‍ വഴി പോകുമോ എന്ന് ഒരാള്‍ ചോദിച്ചു. ഇല്ലെന്ന് കണ്ടക്ടര്‍ മറുപടിയും നല്‍കി. മോശമല്ലാത്ത യാത്രക്കാരുമായി പുറപ്പെട്ട വണ്ടി ഉളിയില്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ കണ്ടക്ടര്‍ക്ക് ഒരുഫോണ്‍. ഉയര്‍ന്ന ഓഫീസറുടെതാണ്. 

എന്തുകൊണ്ട് യാത്രക്കാരനെ കയറ്റിയില്ല. യാത്രക്കാരനെയും കൂടെയുള്ളവരെയും കയറ്റിയില്ലെന്ന് പരാതി വന്നിട്ടുണ്ട്. ഉടന്‍ വണ്ടി തിരിച്ചെടുത്ത് യാത്രക്കാരനെ കയറ്റണം. മുകളില്‍നിന്നുള്ള ഉത്തരവായതിനാല്‍ പാവം കണ്ടക്ടര്‍ മറ്റൊന്നും ചിന്തിച്ചില്ല. വണ്ടി തിരിച്ചുവിടാന്‍ ഡ്രൈവര്‍ക്ക് നിരദേശം നല്‍കി. ഇത്രദൂരം സഞ്ചരിച്ച വണ്ടി പെട്ടെന്ന് തിരിച്ചുവിട്ടപ്പോള്‍ യാത്രക്കാര്‍ ചോദ്യങ്ങളുമായി മുന്നോട്ടുവന്നു. 

ആരും ഒരുമറുപടിയും പറഞ്ഞില്ല. നേരെ ഇരിട്ടി സ്റ്റാന്‍ഡിലെത്തി യാത്രക്കാരനെ തപ്പി. യാത്രക്കാരന്റെ പൊടിപോലും കണ്ടില്ല. യാത്രക്കാരനെ കിട്ടിയില്ലെന്ന് കണ്ടക്ടര്‍ റിപ്പോര്‍ട്ടുചെയ്ത ശേഷമാണ് ബസ് യാത്ര തുടങ്ങിയത്. ഏച്ചൂര്‍ വഴി ബസ് പോകില്ലെന്ന് യാത്രക്കാരനോട് പറഞ്ഞിരുന്നുവെന്ന് കണ്ടക്ടര്‍ പറഞ്ഞു.

അയാള്‍ ചിലപ്പോള്‍ ഓഫീസില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതായിരിക്കും കണ്ടക്ടര്‍ പറഞ്ഞു. ഏച്ചൂര്‍വഴി ബസ് പോകില്ലെന്നറിഞ്ഞിട്ടും ഇത്രദൂരം ബസ് തിരിച്ചെടുത്ത് യാത്രക്കാരനെ അന്വേഷിക്കാന്‍ പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ഓഫീസര്‍ക്ക് ആരാണ് വിവരം കൈമാറിയതെന്നും അറിവായിട്ടില്ല.