കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആര്‍.ടി.സി. ബസുകള്‍. ഇവയില്‍ മിക്കതും ചെറുറൂട്ടുകളിലോടുന്ന ഓര്‍ഡിനറി ബസുകളാണെന്നത് യാത്രാക്ലേശം കൂട്ടുന്നു. മാത്രമല്ല, മാസങ്ങളായി നിര്‍ത്തിയിട്ട ബസുകള്‍ പലതും തുരുമ്പുകയറി ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. മേയ് മാസത്തിലാണ് കോവിഡ് പശ്ചാത്തലത്തില്‍ റൂട്ടുകള്‍ കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചത്. 

കോര്‍പറേഷന്റെ 6185 ബസുകള്‍ ഡിപ്പോകളില്‍ നിലനിര്‍ത്തി. പരിപാലിക്കുന്നത് നഷ്ടമുണ്ടാക്കുമെന്നതിനാലാണിത്. 1935 ബസുകള്‍ 11 കേന്ദ്രങ്ങളിലായി സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയും ബസുകള്‍ ഒരുവര്‍ഷം നിര്‍ത്തിയിടുന്നതിലൂടെ 1354 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍മാത്രം ലാഭിക്കാമെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കുകൂട്ടിയിരുന്നത്.

എന്നാല്‍, ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ബസുകള്‍ പലതും ഉപയോഗിക്കാനാകാത്തവിധം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജീവനക്കാര്‍ത്തന്നെ പറയുന്നത്. പലതും കാടുകയറി. നിര്‍ത്തിയിട്ട ബസുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന നിര്‍ദേശം കാര്യമായി നടപ്പായില്ല. ഇവ വീണ്ടും നിരത്തിലിറക്കല്‍ എളുപ്പമാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഈ ബസുകള്‍ പുറത്തിറങ്ങാന്‍ വൈകുന്നതിനനുസരിച്ച് നഷ്ടവും കൂടുമെന്നതാണ് നിലവിലെ സ്ഥിതി. ഡിസംബര്‍ 31 വരെ ബസുകളുടെ എണ്ണം കൂട്ടേണ്ടായെന്നാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ബസുകളുടെ എണ്ണം കുറച്ച സമയത്തുതന്നെയാണ് ഈ തീരുമാനവും എടുത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണം മാറിയിട്ടും ഈ നയം മാറ്റിയില്ല.

Content Highlights; KSRTC Bus, 1935 Services, Ordinary Bus Service, Bus Insurance