കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇഷ്ടികയ്ക്ക് വിലക്ക്. അപകടത്തില്‍പ്പെട്ട ബസിന്റെ ആക്‌സിലറേറ്റര്‍ പെഡലിന് സമീപം ഇഷ്ടിക കണ്ടെത്തിയതാണ് കാരണം. ആക്‌സിലേറ്റര്‍ അമര്‍ത്തിവെക്കാന്‍ ഡ്രൈവര്‍ ചുടുകട്ട ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അന്വേഷണം ആരംഭിച്ചു. 

ബസിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍മാറ്റാന്‍ ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. കഴിഞ്ഞമാസം അവസാനം തിരുവനന്തപുരം-കൊല്ലം ദേശീയപാതയില്‍ തെന്നിമറിഞ്ഞ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവര്‍ കാബിനിലാണ് ചുടുകട്ട കണ്ടെത്തിയത്. ബസിന്റെ സാങ്കേതിക തകരാറും അപകടത്തിന് ഇടയാക്കിയതായി സൂചനയുണ്ട്്. 

ഒരു വശത്തെ ബ്രേക്കുകള്‍മാത്രമാണ് പ്രവര്‍ത്തിച്ചത്. കാല്‍ ഉയര്‍ത്തിവെക്കാനാണ് ചുടുകട്ട ഉപയോഗിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഇവ പെഡലിന് അടിയില്‍പ്പെട്ടാല്‍ ബ്രേക്ക് അമര്‍ത്താന്‍ കഴിയില്ല. ഡ്രൈവറുടെ ഉയരത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഇത്തരം വസ്തുക്കളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. 

ചില ബസുകളില്‍ ആക്‌സിലറേറ്റര്‍ ഉയര്‍ത്തിയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിനുപാകമായി കാല്‍ െവക്കാനുള്ള സൗകര്യം ഉണ്ടാകില്ല. കാല്‍ തൂക്കിയിടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.

Content Highlights: KSRTC Ban The Use Of Bricks In Bus Driver Cabin