കേരളത്തില്‍ 2022 മാര്‍ച്ചിനുള്ളില്‍ 92 വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. നിലവില്‍ ആറിടത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തിയായി. എല്ലാ ജില്ലകളിലുമായി 56 ഇടത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇവയില്‍ 30 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ടീസ് സ്‌കീമിലും 26 എണ്ണം കേരള സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ട് ഉപയോഗിച്ചുമാണ് സ്ഥാപിക്കുന്നത്. ഇതില്‍ 43 സ്റ്റേഷനുകള്‍ കെ.എസ്.ഇ.ബി.യുടെ സ്ഥലത്തുതന്നെ സ്ഥാപിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥപനങ്ങളുടെ ഭൂമിക്കായി അനുമതി തേടും.
ആറുമാസത്തിനുള്ളില്‍ 56 സ്റ്റേഷനുകളും പൂര്‍ത്തീകരിക്കും. ഇതിനുപുറമേ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലായി 30 സ്റ്റേഷനുകള്‍കൂടി തുടങ്ങാന്‍ ലക്ഷ്യമിടുന്നു. ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടില്ല. ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി. സ്ഥാപിക്കുന്നത്.
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഡിവിഷന്‍ രൂപവത്കരിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആറ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ആറുവരെ ഇവിടെ ചാര്‍ജിങ് സൗജന്യമാണ്.
Content Highlights: KSEB To Start 92 Electric Vehicle Charging Centres With In One Year