നാട്ടില്‍ ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകളില്ലെന്ന കാരണത്താല്‍ ഇനി വൈദ്യുതവാഹനങ്ങള്‍ വാങ്ങാന്‍ മടിക്കേണ്ട. സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ മൂന്നു മാസത്തിനകം കെ.എസ്.ഇ.ബി. ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം ജില്ലയില്‍ 32 ചാര്‍ജിങ് സ്റ്റേഷനുകളും കേന്ദ്ര പദ്ധതിപ്രകാരം ആറു കോര്‍പ്പറേഷനുകളിലും മലപ്പുറം നഗരസഭയിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ പിന്നാലെ തുടങ്ങും. എല്‍.പി.ജി. സിലിന്‍ഡറുകള്‍ പോലെ ബാറ്ററികള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന സ്വാപ്പിങ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി. ഉടന്‍ തുടങ്ങും.

ഒട്ടേറെ സ്വകാര്യ സംരംഭകര്‍ ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മുഹമ്മദ് ഷെരീഫ് പറഞ്ഞു.

വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. യൂണിറ്റിന് അഞ്ചുരൂപ നിരക്കില്‍ വില്‍ക്കണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്തുള്ള കെ.എസ്.ഇ.ബി.യുടെ കേരളത്തിലെ ആദ്യ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനിലും ഈ നിരക്കാണ് ഈടാക്കുന്നത്.

2020 അവസാനിക്കുമ്പോള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം ഓട്ടോറിക്ഷകളും ആയിരം ചരക്ക് വാഹനങ്ങളും മൂവായിരം ബസുകളും സംസ്ഥാനത്തുണ്ടാകുമെന്നാണു കരുതുന്നത്.

കെ.എസ്.ഇ.ബി. തുടങ്ങുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍

  • തിരുവനന്തപുരം- നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്
  • കൊല്ലം- ഓലയില്‍ സെക്ഷന്‍ ഓഫീസ്
  • കൊച്ചി- കലൂര്‍ സബ്‌സ്റ്റേഷന്‍
  • തൃശ്ശൂര്‍- വിയ്യൂര്‍ സബ് സ്റ്റേഷന്‍
  • കോഴിക്കോട്- നല്ലളം സബ്‌സ്റ്റേഷന്‍
  • കണ്ണൂര്‍- ചൊവ്വ സബ്‌സ്റ്റേഷന്‍

സ്വകാര്യ സംരംഭകര്‍ക്കും അവസരം

സ്വകാര്യ സംരംഭകര്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ചാര്‍ജിങ് സ്റ്റേഷന്‍ തുറക്കാനാകും. റോഡരികില്‍ 15 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയുമുള്ള ഭൂമിയാണു വേണ്ടത്. 15 മീറ്റര്‍ റോഡ് ഫ്രണ്ടേജ് ഉണ്ടാകണം. സ്ഥലസൗകര്യമുണ്ടെങ്കില്‍ പെട്രോള്‍ പമ്പുകളോടു ചേര്‍ന്നും ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാം.

Content Highlights: KSEB Starts Charging Stations For Electric Vehicles In Kerala