വാടകയ്ക്ക് ഡീസല്‍ വാഹനങ്ങള്‍ എടുക്കുന്നതിനുപകരം സ്വന്തമായി ഇ-വാഹനങ്ങള്‍ വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ്. 1200 വാഹനങ്ങള്‍ മാസതവണവ്യവസ്ഥയില്‍ വാങ്ങാനുള്ള പദ്ധതിക്ക് ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതിനല്‍കി. അഞ്ചുവര്‍ഷം ഇതിനു വേണ്ടിവരുന്നത് 188.23 കോടിരൂപ. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ തസ്തികയിലുള്ളവര്‍ക്കായി 200 വാഹനങ്ങളും സെക്ഷന്‍ ഓഫീസുകള്‍ക്കും ഫീല്‍ഡ് ഓഫീസുകള്‍ക്കുമായി ആയിരം വാഹനങ്ങളുമാണ് വാങ്ങുക. 

13 മുതല്‍ 16 വരെ ലക്ഷംരൂപ വിലവരുന്ന വാഹനങ്ങളാവും വാങ്ങുക. അഞ്ചുവര്‍ഷം മാസംതോറും 3.15 കോടിയാണ് ഗഡുവായി അടയ്‌ക്കേണ്ടിവരിക. ആദ്യഘട്ടത്തില്‍ 200 വാഹനങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വിളിക്കാനാണ് അനുമതി. ഇതില്‍ 50 വാഹനങ്ങള്‍ ഉടന്‍ വാങ്ങും. വാടകവാഹനങ്ങള്‍ ഒഴിവാക്കി ഇത്രയും പണം ചെലവിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ബോര്‍ഡിന് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

വാടകവാഹനങ്ങള്‍ക്ക് ചെലവാകുന്ന തുകയും വാങ്ങാന്‍വേണ്ട പണവും താരതമ്യപ്പെടുത്തിയാല്‍ ഇത് ലാഭകരമാവില്ലെന്ന ആശങ്കയുമുണ്ട്. എന്നാല്‍, ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ വാങ്ങാനല്ല ഉദ്ദേശിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് പറഞ്ഞു. വാടക ഡീസല്‍വാഹനങ്ങളില്‍നിന്ന് ഇ-വാഹനങ്ങളിലേക്കു മാറുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ 50 വാഹനങ്ങളേ വാങ്ങുന്നുള്ളൂ.

വാടകവാഹനങ്ങള്‍ക്ക് ഇപ്പോള്‍ മാസം നാലുകോടി രൂപവരെ ചെലവാക്കുന്നുണ്ട്. ഡ്രൈവറുടെ ശമ്പളം ഉള്‍പ്പെടെയാണിത്. ഇതില്‍ ഒരു കോടിരൂപ മാസതവണ നല്‍കേണ്ടിവരുന്ന വിധത്തിലാവും ഇപ്പോള്‍ വാഹനങ്ങള്‍ വാങ്ങുക. ഇത്തരത്തില്‍ ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാകാത്ത തരത്തില്‍ ഘട്ടംഘട്ടമായാണ് ഇ- വാഹനങ്ങളിലേക്ക് മാറുകയെന്നും അദ്ദേഹം പറഞ്ഞു. വാടകയ്ക്ക് വാഹനങ്ങളെടുക്കുന്നത് ഡ്രൈവര്‍ ഉള്‍പ്പെടെയാണ്. 

ഡ്രൈവറെ ബോര്‍ഡ് നിയമിക്കേണ്ടിവരുന്നില്ല. എന്നാല്‍, ബോര്‍ഡ് വാഹനങ്ങള്‍ സ്വന്തമായി വാങ്ങുമ്പോള്‍ ഡ്രൈവര്‍മാരെ നിയമിക്കേണ്ടിവന്നാല്‍ ശമ്പളച്ചെലവ് ബാധ്യതയാവും. ബോര്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് മികച്ച ശമ്പളമാണ് നല്‍കുന്നത്. ഇ-വാഹനങ്ങളിലേക്ക് കടക്കുമ്പോള്‍ പുതിയ ഡ്രൈവര്‍മാരെ നിയമിക്കാതെ മറ്റുജീവനക്കാര്‍തന്നെ വാഹനം ഓടിക്കുന്ന സമ്പ്രദായം കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ആലോചന. കെ.എസ്.ഇ.ബി. ഓഫീസ് പരിസരങ്ങളില്‍ ആയിരം ചാര്‍ജിങ് കേന്ദ്രങ്ങളും സ്ഥാപിക്കും. വാഹന നിര്‍മാതാക്കളും വിതരണക്കാരുമായി ചെലവ് പങ്കിടുന്ന വിധത്തിലാവും ഇത്.

Content Highlights: KSEB Planning To Buy 1200 Electric Vehicles By Spending 188 Crore Rupees