ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുത്തന്‍ തന്ത്രവുമായി വൈദ്യുതിബോര്‍ഡ്. ഇനി ഇലക്ട്രിക് ഓട്ടോകള്‍ വൈദ്യുതത്തൂണില്‍നിന്നു ചാര്‍ജ് ചെയ്യാം. കോഴിക്കോട്ട് അടുത്തമാസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നടപ്പാക്കും.

ഓട്ടോകള്‍ക്ക് അവയുടെ സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്നുതന്നെ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കാനാണിത്. മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണിത്. തൂണില്‍ ഒരു ചാര്‍ജിങ് പോയന്റ് സ്ഥാപിക്കും. ആപ്പില്‍ പണമൊടുക്കിയാല്‍ അതനുസരിച്ച് ചാര്‍ജ് ചെയ്യാം. കോഴിക്കോട്ട് പത്ത് വൈദ്യുതത്തൂണുകളില്‍ ആദ്യം ചാര്‍ജിങ് പോയന്റ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

നവംബറോടെ എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇപ്പോള്‍ ആറ്‌ കോര്‍പ്പറേഷനുകളിലാണ് ചാര്‍ജിങ് സ്റ്റേഷനുകളുള്ളത്. 56 സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഇ-വാഹനങ്ങള്‍ വിലകുറച്ച് വാങ്ങാം

എം-പാനല്‍ഡ് ചെയ്ത ആറ് വാഹനനിര്‍മാതാക്കളില്‍നിന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ www.myev.org.in എന്ന വെബ്‌സൈറ്റിലൂടെ വില കുറച്ചുവാങ്ങാം. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമായ MyEV മൊബൈല്‍ ആപ്പുവഴിയും ബുക്കുചെയ്യാം.

ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഇരുപതിനായിരംമുതല്‍ 43,000 രൂപവരെ സബ്സിഡി ലഭിക്കും. ഓട്ടോറിക്ഷഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാന്‍ എനര്‍ജി മാനേജ്മെന്റ് സെന്ററും സഹായിക്കും.

Content Highlights: KSEB Install Electric Charging Point In Electric Post