ഹ്യുണ്ടായി ഇന്ത്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് | Photo: Hyundai India
വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പാകിസ്താനിലെ വിതരണക്കാര്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ ട്വിറ്റര്‍ പരാമര്‍ശം വിവാദമായി. ഇന്ത്യ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് കൊറിയന്‍ വിദേശമന്ത്രിയും ഹ്യുണ്ടായി കമ്പനിയും ഖേദം പ്രകടിപ്പിച്ചു. വിവാദപോസ്റ്റ് പാകിസ്താനിലെ വിതരണക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.
വിദേശനിക്ഷേപത്തെ സ്വാഗതംചെയ്യുന്നെന്നും എന്നാല്‍, കമ്പനികളും അനുബന്ധസ്ഥാപനങ്ങളും രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്ത്യ പറഞ്ഞു. പാകിസ്താന്റെ കശ്മീര്‍ ഐക്യദാര്ഢ്യദിനത്തിന് പിന്തുണപ്രഖ്യാപിച്ചാണ് ഹ്യുണ്ടായി കമ്പനിയുടെ പാകിസ്താനിലെ വിതരണക്കാര്‍ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കൊറിയയിലെ ഇന്ത്യന്‍ സ്ഥാനപതി ഹ്യുണ്ടായിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ട് ഈ പോസ്റ്റ് സംബന്ധിച്ച് വിശദീകരണം തേടിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. തൊട്ടുപിന്നാലെ പോസ്റ്റ് നീക്കംചെയ്തു. സംഭവത്തില്‍ കൊറിയയുടെ ഇന്ത്യയിലെ നയതന്ത്രപ്രതിനിധി ചാങ് ജെ ബോകിനെ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചു.

ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ചൊവ്വാഴ്ച കൊറിയയുടെ വിദേശകാര്യമന്ത്രി ചുങ് യി യോങ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഫോണില്‍ വിളിച്ച് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഖേദം രേഖപ്പെടുത്തി ഹ്യുണ്ടായി മോട്ടോഴ്സും പ്രസ്താവന പുറപ്പെടുവിച്ചു.
പാകിസ്താനിലെ വിതരണക്കാര്‍ സ്വന്തംനിലയ്ക്ക് നല്കിയ പോസ്റ്റ് ഹ്യുണ്ടായി മോട്ടോഴ്സിന്റെ നയത്തിന് തികച്ചും വിരുദ്ധമാണ്. കമ്പനി ഒരു മേഖലയിലെ രാഷ്ട്രീയ, മത വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. ബിസിനസുമായി ബന്ധമില്ലാത്ത ഈ നടപടികളെ ശക്തമായി തള്ളിക്കളയുന്നു. ഇന്ത്യയിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇന്ത്യയിലെ ഉപയോക്താക്കളോട് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: Korean foreign minister expressed regret on Hyundai Pakistan Controversial FB Post on Kashmir issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..