രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്.യു.വി മോഡലായ ഹ്യുണ്ടായ് കോന ഇന്ത്യയിലെത്തി കഴിഞ്ഞു. 25.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അല്‍പം ഉയര്‍ന്ന വിലയാണെങ്കിലും കോനയ്ക്ക് റണ്ണിങ് കോസ്റ്റും പരിപാലന ചെലവും വളരെ കൂടുതലായിരിക്കുമെന്ന ചിന്ത വേണ്ട. ഹ്യുണ്ടായ് ക്രേറ്റ പെട്രോളിന്റെ അഞ്ചില്‍ ഒന്ന് റണ്ണിങ് കോസ്റ്റ് മാത്രമേ ഇലക്ട്രിക് കോനയ്ക്ക് വരുകയുള്ളുവെന്ന്‌ വ്യക്തമാക്കുകയാണ് കമ്പനി. പെട്രോള്‍ കാറുകളെക്കാള്‍ 80 ശതമാനത്തോളം റണ്ണിങ് കോസ്റ്റ് കോനയ്ക്ക് കുറവാണ്, ഇതിനൊപ്പം പരിപാലന ചെലവും ഇലക്ട്രിക്കിന്‌ കുറവാണെന്ന്‌ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

പെട്രോള്‍ കാറുകളില്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ആറ് രൂപ വരെ ചിലവാകുമ്പോള്‍ ഇലക്ട്രിക് കോനയില്‍ ഒരു കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ മാത്രമേ ചെലവുള്ളുവെന്നും കമ്പനി പറയുന്നു. ഇന്ധന കാറുകളിലുള്ള വാള്‍വ്, സ്പാര്‍ക്ക് പ്ലഗ്ഗ്, ഹോസ്, ഡ്രൈവ് ബെല്‍റ്റ് തുടങ്ങിയ പാര്‍ട്ടുകളൊന്നും ഇല്ലാത്ത സീറോ എമിഷന്‍ വാഹനമായതിനാല്‍ ഇലക്ട്രിക് കോനയുടെ പരിപാലന ചെലവും വളരെ കുറവാണ്. മൂന്ന് വര്‍ഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. ഇതിനൊപ്പം ബാറ്ററിക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും.

വിദേശത്ത് ഇലക്ട്രിക് കോനയ്ക്ക്‌ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേണ്‍ ബാറ്ററി റേഞ്ച് മോഡലുകളുണ്ടെങ്കിലും ഹ്യുണ്ടായ് ഇന്ത്യയിലെത്തിച്ചത് 39.2 kWh മോഡല്‍ മാത്രമാണ്. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇന്ത്യന്‍ കോനയ്ക്ക് സാധിക്കും. 9.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താം. പരമാവധി 131 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. ആറ് മണിക്കൂര്‍ 10 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 57 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 

Source: Carandbike

Content Highlights: Hyundai Kona Electric Running Cost lower than Creta petrol