കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് മോഡലാണ് കോന എസ്‌യുവി. വാഹനങ്ങളുടെ സുരക്ഷ കണക്കാക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍ കോന ഇലക്ട്രിക്. ANCAP (ഓസ്‌ട്രേലിയന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കോന സുരക്ഷ ഉറപ്പാക്കിയത്. ഓസ്‌ട്രേലിയയിലെ ആദ്യ ഇലക്ട്രിക് വാഹന ക്രാഷ് ടെസ്റ്റ് കൂടിയായിരുന്നു കോനയുടേത്‌. 

ഫ്രണ്ട് ഓഫ്‌സെറ്റ് ടെസ്റ്റില്‍ 16ല്‍ 14.97 പോയന്റാണ് കോനയ്ക്ക് ലഭിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഗുലര്‍ പെട്രോള്‍ കോന ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോല്‍ ലഭിച്ചത് 14.07 പോയന്റായിരുന്നു. പെട്രോള്‍ കോനയ്ക്കും ഓസ്‌ട്രേലിയയില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങുണ്ടായിരുന്നു. 

ഫ്രണ്ട് എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ് എന്നിവയ്‌ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ബ്ലൈന്റ് സ്‌പോര്‍ട്ട് കൊളിഷന്‍ വാര്‍ണിങ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിങ്, ഫോര്‍വേര്‍ഡ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, മുന്നിലും പിന്നിലും പാര്‍ക്കിങ് ഡിസ്റ്റന്‍സ് വാര്‍ണിങ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഓസ്‌ട്രേലിയന്‍ സ്‌പെക്ക് കോനയിലുണ്ട്. 

64kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ഓസ്‌ട്രേലിയന്‍ കോനയിലുള്ളത്. 150kW പവറും 395 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാനും കോനയ്ക്ക്‌ സാധിക്കും.

Content Highlights; kona electric earns ANCAP 5 star safety rating in crash test