കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) എല്ലാ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ 'ഇ-ഓട്ടോ' ഫീഡര്‍ സര്‍വീസുകള്‍ തുടങ്ങുന്നു. സ്റ്റേഷനുകളിലും ചാര്‍ജിങ് സംവിധാനവും ഒരുക്കും. ആദ്യഘട്ടത്തില്‍ 79 ഇ-ഓട്ടോകള്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 26 ഓട്ടോയും മൂന്നാംഘട്ടമായി 10 ഓട്ടോകളും കൂട്ടിച്ചേര്‍ക്കും. പദ്ധതി പൂര്‍ണമാകുന്നതോടെ ഇ-ഓട്ടോകളുടെ എണ്ണം 115 ആകും.

ഇ-ഓട്ടോയ്ക്കായി കെ.എം.ആര്‍.എല്‍. താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 'ഷെയര്‍ ഓട്ടോ' സര്‍വീസാണ് ഉദ്ദേശിക്കുന്നത്. ജി.പി.എസ്. സംവിധാനവും ഓട്ടോയിലുണ്ടാകും. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വാഹനലഭ്യത ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ക്കാകും.

ആദ്യ തുടക്കം: കോവിഡ് വില്ലനായി

മെട്രോയുടെ ഫീഡറായി 20 ഇ-ഓട്ടോകള്‍ ഇറക്കാന്‍ 2018-ല്‍ ധാരണയിലെത്തിയിരുന്നു. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഇ-ഓട്ടോകള്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍വീസ് തുടങ്ങുകയും ചെയ്തു. എം.ജി. റോഡ്, മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനുകളിലാണ് ഇ-ഓട്ടോ സര്‍വീസുകള്‍ നടത്തിയിരുന്നത്.

16 ഓട്ടോകളാണ് ആദ്യം ഓടിയിരുന്നത്. ഇതിലെ ബാറ്ററി ചാര്‍ജിങ്ങിനായി കളമശ്ശേരിയില്‍ സൗകര്യമൊരുക്കുകയും ചെയ്തു. ഒട്ടേറെ ബാറ്ററികള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബള്‍ക്ക് ചാര്‍ജിങ് സ്റ്റേഷന്‍ ആയിരുന്നു ഇത്. ഇതിനിടെ കോവിഡും ലോക്ഡൗണും എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. പരിപാലനത്തിലുണ്ടായ വീഴ്ചമൂലം കൊണ്ടുവന്ന ബാറ്ററികള്‍ മുഴുവന്‍ നശിച്ചുപോയി.

Content Highlights: Kochi Metro Starts Feeder E-Auto Service For Metro Users